അമ്മ-വേറിട്ട ചിന്തകൾ

18:30

പന്ത്രണ്ടാം തരത്തിൽ വച്ച് സ്കൂൾ മാഗസിനിൽ കൊടുക്കാൻ ഒരു കവിത വേണമെന്ന് mercy മിസ്സ്‌ പറഞ്ഞപ്പോ ഒരു വെളുപ്പാൻ കാലത്ത് ചാടിയെഴുന്നേറ്റു കുത്തിക്കുറിച്ചതാണ്... പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഐഡിയ പൊട്ടിമുളച്ചതൊന്നുമല്ല  കേട്ടോ.. ഞാനും കുറച്ചു ദിവസം നടന്നു.. ഉള്ളിലെ സങ്കൽപ്പങ്ങൾക്ക് ജീവൻ കൊടുക്കാൻ പോന്ന വാക്കുകൾക്കായി.. ഇപ്പൊ വർഷം 4 കഴിഞ്ഞെങ്കിലും മാറ്റങ്ങൾ വരുത്താൻ തോന്നിയില്ല. പിന്നീട് കോളേജ് മാഗസിനിൽ ഇത് തന്നെ കൊടുത്തു എന്നത് പിന്നാമ്പുറം.. ഞാൻ പറഞ്ഞില്ലേ.. എഴുത്ത് എപ്പോളോ മരിച്ചു പോയിരുന്നു.. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കുത്തിക്കുറിക്കൽ മാത്രമായി കണ്ട് വിലയിരുത്തുക..  
പ്രിയ പത്നിയുടെ തലയണ മന്ത്രത്തിൽ കുടുങ്ങി 
സ്വമാതാവിന്റെ ഹൃദയമെടുത്ത് 
ദ്രുതഗതിയിൽ പായുമ്പോൾ കാലിടറവെ 
വേദനിച്ചോയെന്നു ചോദിച്ചവൾ -അമ്മ!
                         കന്യാമഠത്തിൽ നിന്ന് കൽക്കട്ടയിലേയ്ക്ക് 
                         തെരുവിൽ അഴുകുന്ന മാംസപിണ്ഡത്തിനായ് 
                         നിർദ്ധനൻ തുപ്പും നിണത്തിനായി 
                         ജീവിതം പറിച്ചു നട്ടവൾ അമ്മ!

സന്താനങ്ങളുടെ സുസ്ഥിതിക്കായി 
പാടത്തെ മണ്ണോട് മല്ലടിച്ച് 
വൈധവ്യത്തിന്റെ വേദനയും പേറി 
ഉമിത്തീയിലെരിഞ്ഞവൾ അമ്മ!
        
                         പ്രതീക്ഷകൾ നൽകി വളർന്ന മക്കൾ   
                          മഹാഭാരത യുദ്ധക്കളം പോലെ 
                          മല്ലിടുന്നത് താങ്ങുവാനാകാതെ 
                          ഹൃദയം നുറുങ്ങി മരിച്ചവൾ അമ്മ!

ഫലപുഷ്ടിയില്ലാത്ത ഗർഭപാത്രവും പേറി 
ഒരു കുഞ്ഞിക്കാലിനായ് ഉരുളി കമിഴ്ത്തി 
ഈശ്വരനിൽ മാത്രം പ്രതീക്ഷകളർപ്പിച്ച് 
ആറ്റുനോറ്റിരിക്കുന്നവളുമമ്മ!

                          മക്കളുടെ വിശപ്പിന്റെ വിളിയൊച്ച 
                          കേട്ടില്ലെന്നു നടിക്കുവാൻ കഴിയാതെ 
                          മാനം വിൽക്കേണ്ടി വരുന്നതിൽ 
                          മനസ്സ് നോവുന്നവൾ അമ്മ!

മംഗല്യ സൗഭാഗ്യവുമായ് മണിയറ പുൽകവേ 
അമ്മത്തൊട്ടിലിനെയോർത്ത് 
ചാലിട്ടൊഴുകിയ  കണ്ണുനീർ 
 ആരും കാണാതെ തുടച്ചവൾ അമ്മ!

                         ഉദരഫലത്തിന്റെ പശിയെക്കെടുത്തുവാൻ
                         അമ്മിഞ്ഞപ്പാലിന്റെ മാധുര്യമേകാതെ 
                         പാൽക്കുപ്പി വായിൽ തിരുകിക്കയറ്റി 
                         സൗന്ദര്യം സംരക്ഷിച്ചവൾ അമ്മ!

സുഖസൗകര്യങ്ങളുടെ മേച്ചിൽപുറങ്ങളിൽ 
പ്രസവിച്ചിടാൻ പോലും മടിയെന്നു ചൊല്ലി 
സൗന്ദര്യവർദ്ധക വസ്തുക്കളിൽ 
സ്ത്രീത്വം ഹോമിച്ചവളുമമ്മ!

                         ഉള്ളിൽ ഉരുവായൊരുണ്ണിയെ  
                         ഉദരത്തിൽ തന്നെ കശാപ്പു ചെയ്യാനായി 
                         ആശുപത്രിയുടെ നീണ്ട നിരയൊന്നിൽ 
                         അക്ഷമയായി കാത്തുനിന്നവൾ അമ്മ!

പരീക്ഷണ ശാലകൾക്കായി 
ഭ്രൂണം വിൽക്കപ്പെടുമെന്ന പരസ്യവുമായി 
കൊലപാതകങ്ങൾക്ക് കൂട്ടുനിൽക്കുന്ന 
ഗൈനക്കോളജിസ്റ്റുമൊരമ്മ!

                         അമ്മയുപേക്ഷിച്ച കുഞ്ഞുമക്കൾക്കായി 
                         യൗവനത്തിന്റെ ആശനിരാശകൾ 
                         ഉള്ളിൽ തളച്ചിട്ടു ജീവിച്ചു കാണിച്ച 
                         ധീരപുരുഷനാം അച്ഛനും ഒരമ്മ!

ഇനിയുമുണ്ടിനിയുമുണ്ടേറെ മാതൃത്വങ്ങൾ 
വിസ്മയിപ്പിച്ചീടും ഹൃദയവുമായ്‌ 
ആരോരുമോതാത്ത കഥകളുമായ് 
അവയെ വർണിക്കാനെൻ തൂലികയശക്തം!!

9 comments

 1. Replies
  1. നന്ദി ഉണ്ട് ചേട്ടാ.. :)

   Delete
 2. Replies
  1. അങ്ങനെ ഒന്നുമില്ല.. എന്തൊക്കെയോ കുത്തിക്കുറിക്കുന്നു.. :)

   Delete
 3. ഒരു വെളുപ്പാന്‍ കാലത്ത് കണ്ടതല്ലല്ലോ ഇത്.അമ്മയെ കുറിച്ച് എഴുതുമ്പോള്‍ എല്ലാവരും വാചാലമാവും. എല്ലാ വരികളും കലക്കന്‍ പരീക്ഷണ്ങ്ങള്‍ തുടരട്ടെ.

  ReplyDelete
  Replies
  1. നന്ദി അനിഷ്.. :) സാധാരണ അമ്മ എന്നും എല്ലാവര്ക്കും ഒരു നൊസ്റ്റാൾജിയ ആണ്.. അതൊന്നു മാറ്റിപ്പിടിച്ചു നോക്കിയതാ... :)

   Delete
 4. നന്നായിട്ടുണ്ട്‌.ഒരു കുറ്റം പറയാന്ന് കരുതി രണ്ടുമൂന്നു തവണ വായിച്ചു.

  പിന്നെ വേണ്ടെന്ന് വെച്ചു.നല്ല
  ചിന്തകൾ !!!!

  ReplyDelete
  Replies
  1. കുറ്റം കണ്ടാൽ പറയണം ചേട്ടാ.. പിന്നെ പറഞ്ഞാലും തിരുത്താൻ അറിയില്ല. ഇത് 12 ആം ക്ലാസിൽ പഠിക്കുമ്പോ എഴുതീതാ.. ഇപ്പോ പക്ഷെ ഇത്ര പോലും കവിത വരില്ല

   Delete
 5. ഇതുപോലെ എനിക്കെഴുതാൻ കഴിയുമെങ്കില്‍ വിമർശ്ശിക്കാമായിരുന്നു...

  ഫലപുഷ്ടിയില്ലാത്ത ഗർഭപാത്രവും പേറി
  ഒരു കുഞ്ഞിക്കാലിനായ് ഉരുളി കമിഴ്ത്തി
  ഈശ്വരനിൽ മാത്രം പ്രതീക്ഷകളർപ്പിച്ച്
  ആറ്റുനോറ്റിരിക്കുന്നവളുമമ്മ!/////////

  എനിക്കെന്തോ ഈ ഭാഗം ഇഷ്ടപ്പട്ടില്ല.അത്രെയുള്ളൂ.....

  ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)