എ മിസ്ഡ് ചാൻസ്

19:34

              "കുട്ടിയുടെ തലയിൽ കലം കുടുങ്ങി. അഗ്നിശമനസേന എത്തി രക്ഷപെടുത്തി" എന്ന വാർത്ത കണ്ടപ്പോൾ വാസ്തവത്തിൽ ആദ്യം ഒരു ചിരിയാണ് വന്നത്. "ഹോ.. ഇങ്ങനെയൊരു വാർത്ത കണ്ടിട്ട് ചിരിക്കാൻ തോന്നുന്ന ഇവൾ എന്തൊരു ദുഷ്ടയാ... " എന്ന് ചിന്തിക്കാൻ വരട്ടെ.. ജീവിതം അങ്ങനെയാണ്.. ഒരിക്കൽ വേദനിച്ച അനുഭവങ്ങൾ പിന്നീട് ചിരിക്കാൻ ഉള്ളവയാവും.. അറിയാതെ ഓർമയിൽ തെളിഞ്ഞു പോയ സംഗതിയാണ് ചുണ്ടിൽ ചിരി പടർത്തിയത്..
                         സമാനമായൊരു സംഭവം ഏതാണ്ട് ഒരു വർഷം മുൻപും ഉണ്ടായിരുന്നു.. ആ വാർത്ത ടി വിയിൽ കാണുമ്പോൾ ഞാൻ എന്റെ ചേച്ചിയുടെ വീട്ടിലാണ്.. അന്നും ഞങ്ങൾ രണ്ടും അറിയാതെ പരസ്പരം പൊട്ടിച്ചിരിച്ചു..
ബാല്യമാണ് ഏറ്റവും മധുരിക്കുന്ന പ്രായം എന്നാണെന്റെ അഭിപ്രായം.. ഏറെ സുന്ദരവും ശാന്തവുമായ ഒരു കൊച്ചു ഗ്രാമാന്തരീക്ഷത്തിലാണ് എന്റെ ബാല്യം. നാടിനെ ചുറ്റിയൊഴുകുന്ന ഒരു സാമാന്യം വലിയ തോടും.. എനിക്ക് 5 വയസാവും വരെ കുടുംബത്തിൽ വേറെ ചെറിയ കുട്ടികൾ ഇല്ലായിരുന്നത് കൊണ്ട് തന്നെ ഞാൻ ഒരു കുഞ്ഞായി കാര്യമായി അങ്ങ് വിലസി. 'കുഞ്ഞു കൊച്ച് ' എന്ന വിളിപ്പേരും വീണു. എനിക്ക് ഏതാണ്ട് 2-3 വയസ്സുള്ളപ്പോൾ മുതലുള്ള കാര്യങ്ങൾ എന്റെ ഓർമയിലുണ്ട് .. പിന്നെ എന്നെക്കാൾ ഓർമശാലിയായ എന്റെ കുഞ്ഞമ്മായി ഇപ്പോളും ഇടയ്ക്കിടെ എന്റെ വീരകഥകൾ പറയാറുമുണ്ട്. ;)
എനിക്ക് ഏതാണ്ട് 3 വയസു പ്രായം. വേനലടുത്തിരുന്നു. തോട്ടിലെ വെള്ളം വറ്റിത്തുടങ്ങുമ്പോൾ നാട്ടുകാർ ചേർന്ന് ഓലി കുത്തുന്ന പതിവുണ്ട്. ഓലി എന്നുവെച്ചാൽ ഒരു കുഞ്ഞു കിണറു പോലെ.. രണ്ടു മൂന്നടി താഴ്ച ആവുമ്പോഴെയ്ക്കും വെള്ളം കാണും. കിണറു പോലെ വലുതായി കുഴിച്ച ഓലികളും ഓർമയിൽ ഉണ്ട്. ഞാനും ചേട്ടനും എന്റെ മൂത്ത ചേച്ചിയും കൂടി തോട്ടിൽ പോവാൻ തീരുമാനിച്ചു. അത് വീട്ടിൽ ആരുമില്ലാത്ത നേരത്തായിരുന്നു.. (ആരോടും പറയാതെ പോയതാണോ എന്നും ഓർമയില്ല.. ;) )
ഓലിയിൽ നിന്ന് വെള്ളമെടുക്കണമെങ്കിൽ പാത്രം വേണം. കയ്യിൽ കിട്ടിയത് ഒരു കലമാണ്.. നല്ല ചെറിയ കഴുത്തോടുകൂടിയ ഒരു ചെറിയ കലം. അന്നാ അലുമിനിയം. കുഞ്ഞു കൊച്ചായതുകൊണ്ട് കലം ഞാൻ പിടിക്കാമെന്ന് വാശി പിടിച്ചു.. തോട്ടിലെയ്ക്ക് ഒരു 5 മിനിറ്റ് നടക്കാനുണ്ട്. കലം തലയിൽ കമിഴ്ത്തി വെച്ചിരിക്കുകയാണ്. എന്റെ തല കുഞ്ഞാണെങ്കിലും അതിനേക്കാൾ കുഞ്ഞാണ് കലത്തിന്റെ വായ. നടന്നു പോകുന്നതിനിടയിൽ കൈ കൊണ്ട് കലത്തിൽ അത്യാവശ്യം ബലം കൊടുക്കുന്നുമുണ്ട്. സംസാരവും മുറയ്ക്ക് നടക്കുന്നു. എപ്പോഴോ ബലം അൽപം കൂടിപ്പോയി എന്ന് വേണം കരുതാൻ.. കലം കഴുത്തിൽ ഇറങ്ങിപ്പോയി. ആദ്യം ഒരു രസമൊക്കെ തോന്നി.. അങ്ങനെ സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദം നന്നായി മുഴങ്ങി കേൾക്കുന്നു. എക്കോയും ഉണ്ട്.. പക്ഷേ ഊരിയെടുക്കാൻ നോക്കിയിട്ട് തിരിച്ച് കയറുന്നില്ല.. ചേട്ടനും ചേച്ചിയും മാറിമാറി നോക്കി. രക്ഷയില്ല.. കലം പൊങ്ങിവരുമ്പോൾ കൂടെ എന്റെ തലയും വരുന്നു.  ചുറ്റുപാടും നോക്കിയിട്ട് മുതിർന്നവരെ ആരെയും കാണാനും ഇല്ല.. കുറച്ചു ദൂരെ മാറി അയൽവക്കത്തെ സുഷമ ചേച്ചി പുല്ലു ചെത്തുന്നത് അവർ കണ്ടു. സുഷമ ചേച്ചിയെ വിളിക്കാനായി ചേട്ടൻ ഓടി. ഏതോ ഒരു ആംഗിളിൽ പിടിച്ച് ഞാനും ചേച്ചിയും ഒന്ന് പൊക്കിയപ്പോൾ ആരുടെയൊക്കെയോ ഭാഗ്യത്തിന് ആ കലം ഊരി വന്നു. ആശ്വാസത്തിൽ ഞാൻ ഒന്ന് ആഞ്ഞു ശ്വസിച്ചു. ചേട്ടനെ തിരിച്ച് വിളിച്ചു. അന്നതോർത്തു ഞങ്ങൾ കുറെ ചിരിച്ചു. വീട്ടിൽ പറയരുതെന്ന് മുൻ‌കൂർ ജാമ്യവും എടുത്തു..
കാലങ്ങൾ കഴിഞ്ഞു വാർത്ത കണ്ടപ്പോൾ ചേച്ചി പറഞ്ഞു: "ഉയ്യോ.. എടി കുഞ്ഞുകൊച്ചെ നിന്റെ തലയും ഇത് പോലൊക്കെ ചെയ്യേണ്ടാതാരുന്നല്ലേ.. എന്തോ ഭാഗ്യം"
അപ്പോളാണ് ഞാൻ ഓർത്തത് അക്കാര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി.. പലപ്പോഴും ഇങ്ങനെയാണ്.. തലയിൽ കുടുങ്ങുന്ന ഓരോ വിപത്തുകൾ നാമറിയാതെ ഊരിപ്പോവുമ്പോൾ നമ്മളാരും ഓർക്കാറില്ല അല്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന്..
ഹോ.. എന്നാലും.. ആ കലം ഇറങ്ങി വന്നില്ലാരുന്നേൽ ...28 comments

 1. പണ്ടൊരിക്കല്‍ ഒരു പട്ടിയുടെ തല കുടത്തില്‍ കുടുങ്ങിയ കഥ വായിച്ചത് ഓര്‍മ വരുന്നു. ;)

  ReplyDelete
  Replies
  1. അതൊരു വീഡിയോ അല്ലേടാ.. പട്ടിയെ എങ്കിലും ഓർത്തല്ലോ.. ഭാഗ്യം.. പട്ടിക്കായാലും മനുഷ്യനായാലും വേദന ഒക്കെ എല്ലാർക്കുമില്ലെ..

   Delete
 2. <>

  കുഴപ്പമില്ല, ഇപ്പോഴും കാണുമ്പോഴൊക്കെ ഞങ്ങക്ക് ചിരിക്കാലോ.. :P

  ReplyDelete
  Replies
  1. എന്ത് കാണുമ്പോ ? എന്റെ തലയോ? :O

   Delete
 3. ഓ ...ഗോഡ് ..കുഞ്ഞുറുമ്പ് ആള് കൊള്ളാല്ലോ ..എന്നാ പണിയാ ചെയ്തെ .. തല കുടുങ്ങിയിരുന്നെങ്കില്‍ കാണായിരുന്നു...ഇന്നിപ്പോ ഈ ബ്ലോഗ്‌ എങ്ങിനെ എഴുതുമായിരുന്നു അങ്ങിനെയെങ്കില്‍ ...ദൈവം കാത്തു .. ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെ അത്തരം അപകടങ്ങളില്‍ സങ്കല്‍പ്പിച്ചു നോക്കുക ..ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട് ..അപ്പോള്‍ അതിന്റെ ഗൌരവം മനസിലാകും .. കുഞ്ഞുറുമ്പിനു കുഞ്ഞു ബുദ്ധിയായത് കൊണ്ടാകാം അന്ന് അത് നിസ്സാരമായി തോന്നിയത് ..

  ReplyDelete
  Replies
  1. എന്ത് ചെയ്യാനാ.. കുഞ്ഞിലെ ഭയങ്കര കുസൃതി ആയിരുന്നു.. എന്റെ പേര് വരെ ഞാനാ ഇട്ടത്.. ;) ആ കഥ പിന്നെ പറയാം.. പിന്നെ ഇപ്പോളും കുസൃതിക്കു മാറ്റമൊന്നും ഇല്ലെന്നാ ആള്ക്കാര് പറയുന്നേ..

   Delete
 4. പേടിക്കാനുള്ള ബുദ്ധി കുഞ്ഞുറുമ്പിന്‌ അന്നില്ലാതിരുന്നത് നന്നായി. അല്ലെങ്കിൽ കലം ഊരിയെടുക്കാൻ പറ്റില്ലെങ്കിലോയെന്ന് ഓർത്ത് എത്രമാത്രം പേടിച്ചേനേ...

  ReplyDelete
  Replies
  1. അത് ശെരിയാ.. ഇപ്പോളും എനിക്ക് പേടി ഇച്ചിരി കുറവാ.. അതും ബുദ്ധി ഇല്ലാഞ്ഞിട്ടാണോ എന്തോ.. :D

   Delete
 5. കുസൃതി കൊള്ളാം....

  ReplyDelete
 6. ബാല്യകാല അനുഭവങ്ങള്‍ എന്നും മധുരിക്കുന്നത് ,, കൊള്ളാം .

  ReplyDelete
 7. ജീവിതാ അനുഭവത്തിലുടെ ഒരു വലിയ സന്ദേശവും നൽകിയിരിക്കുന്നു ... തലയിൽ കുടുങ്ങുന്ന ഓരോ വിപത്തുകൾ നാമറിയാതെ ഊരിപ്പോവുമ്പോൾ നമ്മളാരും ഓർക്കാറില്ല അല്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന്.. മനോഹരമായിരിക്കുന്നു

  ReplyDelete
  Replies
  1. എനിക്ക് പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്.. വലിയ after effects ഉണ്ടാവേണ്ട കാര്യങ്ങൾ വലിയ പ്രശ്നമില്ലാതെ ഊരിപ്പോന്നിട്ടുണ്ട്.. പക്ഷെ പലപ്പോഴും നമ്മൾ അതിന് നന്ദി പറയാറില്ല..

   Delete
 8. അവനവന് അനുഭവം വരുമ്പോള്‍ അതിനു അല്പം കൂടെ പ്രാധാന്യം വരും :) , തലയൂരി പോന്ന പാട് ഹോ ഹോ ഹോ :)

  ReplyDelete
 9. അതുകൊണ്ട് ഇനിമേല്‍ മണ്‍കലം മാത്രമേ കുഞ്ഞുങ്ങളുടെ കയ്യില്‍ കൊടുക്കാവൂ!

  ReplyDelete
  Replies
  1. അജിത്തേട്ടാ.. മാരക ബുദ്ധി ആണല്ലോ.. ;) നമ്മുടെ വീടുകളിൽ ഒക്കെ പക്ഷെ നേരെ തിരിച്ചാ കാണുന്നെ.. പൊട്ടുന്നത് കൊടുത്താൽ താഴെ ഇട്ടു പൊട്ടിക്കുമെന്നു പറഞ്ഞ്..

   Delete
 10. ബ്ലോഗിഷ്ടപ്പെട്ടു..
  കുഞ്ഞുറുമ്പിനും ചെയ്തുകൂട്ടാനൊക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്..
  തേനൂറൂം മധുരവും തേടി മുന്നോട്ടു നീങ്ങൂ...
  ആശംസകള്..
  എത്തിപ്പെടാ൯ വൈകി..

  ReplyDelete
  Replies
  1. നന്ദി..വന്നതിനും വായിച്ചതിനും.. :)

   Delete
 11. കൊള്ളാം -ആശംസകള്..

  ReplyDelete
 12. ഹാ ഹാ ഹാാാാ..ഒരു കലം ഓർമകളുമായാണല്ലേ നടപ്പ്.ഹും!!!!

  ഓലി എന്നൊരു വാക്ക് തന്നെ മറന്ന് തുടങ്ങിയിരുന്നു.ഓർമ്മിപ്പിച്ചതിനു നന്ദി!!!!!

  സ്വന്തമായി പേരൊക്കെ ഇട്ട വല്യ പുള്ളി ആണല്ലേ???നമിക്കുന്നു.

  ReplyDelete
  Replies
  1. അതെയതെ.. ഒരു കലം ഓർമകൾ നിറഞ്ഞു തുളുമ്പുന്നു. എന്റെ പേരു ഞാൻ തന്നെ ഇട്ടത് ഒരു വെല്യ സംഭവമാണെന്ന് പിന്നെയാ മനസിലായെ.. അതൊന്ന് എഴുതണമെന്ന് കുറച്ചായി വിചാരിക്കുന്നതാ.. അല്ലേലും ഈ ഉറുമ്പെന്ന പേരു കാരണം ബൂലോകത്തിൽ ആകെ തർക്കങ്ങളും കൺഫ്യൂഷനുമൊക്കെ ആയേക്കുവാ.. വീണ്ടും ഞാനിട്ട സ്വന്തം പേരു തന്നെ തിരിച്ച് കൊണ്ടുവരണമെന്നാ തോന്നുന്നെ.. അതോണ്ട് ആ കഥ എഴുതാൻ ഇതാവും പറ്റിയ സമയം.

   Delete
 13. Replies
  1. കൽക്കണ്ടം.. മനസിലായില്ല.. :)

   Delete
 14. ചെറുപ്പത്തിൽ എന്റെ കാലു ക്ലോസെറ്റിൽ പോയതാ.പിന്നെ അച്ഛൻ വന്നു കുത്തിപ്പൊളിച്ചു രക്ഷപ്പെടുത്തി!എഴുത്തു രസമായി ട്ടോ ...

  ReplyDelete
  Replies
  1. അന്ന് നമ്മൾ കരഞ്ഞ നിമിഷങ്ങളാവും ഇന്ന് നമ്മൾ ഏറ്റവും ചിരിയോടെ ഓർക്കുക. :) അല്ലേ..

   Delete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)