എന്നാലുമെന്റെ ലാപ്പേ....

19:43


                  ലേഡീസ് ഹോസ്റ്റലിലെ ഒരു സായാഹ്നം. സഹമുറിയത്തി അന്നമ്മയെ ഓസോണ്‍ പാളിയിലെ തുരങ്കത്തെക്കുറിച്ച് പറഞ്ഞു കൊല്ലാക്കൊല ചെയ്യുന്നതിനിടയിലാണ് എന്റെ മൊബൈല്‍ പിടഞ്ഞത്. “എടീ, ലാപ്ടോപ്പും കൊണ്ട് നീ ഒന്ന് താഴെ ഇറങ്ങിയെ. ഞാനിപ്പോ അവിടെത്തും.."
            ഇതും പറഞ്ഞ് കുട്ടന്‍ ഫോണ്‍ വെച്ചു. ആങ്ങളയാണ്. ഒരേയൊരു ആരോമല്‍ ചേകവര്‍. ഞങ്ങള്‍ രണ്ടും പഠിക്കുന്നത് ഒരേ കോളേജിലാണ്. ഒരു വര്‍ഷത്തെ വ്യത്യാസം മാത്രമേയുള്ളൂ. കുട്ടന്‍ പഠിത്തം കഴിഞ്ഞ് കോളേജില്‍ നിന്നും പോകാറായി. എന്തിനാണാവോ ഓര്‍ക്കാപുറത്തുള്ള ഈ വിളി!  
          ഓ.. വല്ല സിനിമയോ ഫോട്ടോയോ കോപ്പി ചെയ്യാനാവും. കൂടുതല്‍ ആലോചിച്ചു തല പുണ്ണാക്കാതെ ലേഡീസ് ഹോസ്റ്റലിന്റെ താഴേക്കു ഇറങ്ങി. അല്‍പ സമയത്തിനകം കുട്ടന്‍ ഓട്ടോയിലെത്തി. മോണിട്ടര്‍, സിപിയു, യുപിഎസ്, സ്പീക്കര്‍, കെട്ടുപിണഞ്ഞു കിടക്കുന്ന കീബോര്‍ഡും മൗസും, കുറെ വയറുകള്‍.
എല്ലാം എടുത്ത് ഇറക്കി വച്ച് ഒരു ചോദ്യം. 
“നിനക്കിതൊക്കെ കണക്റ്റ് ചെയ്യാന്‍ അറിയാല്ലോ.. അല്ലേ..?” 
“ഉം?...” പകുതി ചോദ്യമായും ബാക്കി ഉത്തരമായും ഞാന്‍ മൂളി.
“ഞാന്‍ പോകുവല്ലേ.. ഇതെല്ലാം കൂടെ ഇപ്പോ വീട്ടിലോട്ടെടുത്തോണ്ട് പോകാന്‍ നല്ല പാടാ. തല്ക്കാലം ഇതിവിടെ ഇരിക്കട്ടെ. നീ ഒരു കൊല്ലം കൂടെ ഉപയോഗിച്ചേച്ച് നമ്മക്ക് എന്നതാന്നുവെച്ചാ കാണിക്കാം. ആ ലാപ്പിങ്ങു തന്നേരെ. ഞാന്‍ കൊണ്ടോക്കോളാം.” 

ഹമ്പടാ! അപ്പോ അതാണ്‌ കാര്യം. സിസ്റ്റം കൊണ്ട് തന്നിട്ട് സൂത്രത്തില്‍ ലാപ്പും കൊണ്ട് പോകാനുള്ള പരിപാടി! ദുഷ്ടാ!! 
                നേരത്തെ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാനെന്റെ തേര്‍ഡ് ഇയര്‍ വരെയുള്ള ഫോട്ടോസിന്റെ ബാക്കപ്പെങ്കിലും എടുത്തേനെ. കുട്ടന്‍ പറഞ്ഞപ്പോളെ ഞാനങ്ങു സമ്മതിച്ചു. കുറച്ചു കാലമായി അങ്ങനെയാണ്. പണ്ടൊക്കെ ഇങ്ങോട്ടൊരടി കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കുമായിരുന്നു. പിന്നെ പതിവായി തുടങ്ങുന്നതും തീര്‍ക്കുന്നതും കുട്ടനായതുകൊണ്ട് ഇപ്പോ ഞാന്‍ ആ കളി വേണ്ടെന്നു വച്ചു. വന്നവഴിയേ കുട്ടന്‍ ലാപ്പും കൊണ്ട് പോയി. 
ഞാന്‍ സാധനങ്ങള്‍ ഓരോന്നായി നോക്കി. തൂപ്പും വാരുമില്ലാത്ത മെന്‍സ് ഹോസ്റ്റലിന്റെ മൂലയിലിരുന്ന് പൊടിപിടിച്ചിരിക്കുന്നു. എന്‍ എഫ് എസും കൌണ്ടര്‍ സ്ട്രൈക്കും വേറെ എന്തെല്ലാമോ കളിച്ച് ഒരു അക്ഷരം പോലുമില്ലാത്ത കീബോര്‍ഡും ലെഫ്റ്റ് ബട്ടണ്‍ കേടായ മൗസും ഉപയോഗശൂന്യമായ യുപിഎസും. കുട്ടന്‍ ഇട്ടേച്ചു പോയ സ്ഥാവരജംഗമ വസ്തുക്കള്‍ പൊടി തുടച്ച് കുട്ടപ്പനാക്കി. എല്ലാം കണക്റ്റ് ചെയ്ത് സ്വിച്ചിട്ടപ്പോള്‍  ആണുങ്ങളുടെ ഇടയില്‍ നിന്നും തരുണീമണികളുടെ ഇടയിലേക്ക് ശാപമോക്ഷം കിട്ടിയ സന്തോഷത്തില്‍ മോണിട്ടര്‍ പുളകത്തോടെ ചിരിച്ചു.
       എങ്കിലും എനിക്ക് ആദ്യം കണ്ടപ്പോള്‍ കലിയാണ് വന്നത്. എന്റെ കയ്യിലൊതുങ്ങുന്ന സുന്ദരന്‍ ലെനോവോ ലാപ്ടോപ്പിന് പകരമാണ് ഈ വികലാംഗന്‍ സിസ്റ്റം. ലാപ് വാങ്ങിയിട്ട് മൂന്നാല് മാസമേ ആയിട്ടുള്ളു. തേര്‍ഡ് ഇയറിലെ മിനി പ്രോജക്റ്റ് എന്നുപറഞ്ഞു നമ്പറിട്ടപ്പോള്‍ സാധാരണ എന്റെ ആവശ്യങ്ങള്‍ക്കിടയില്‍ ആപ്പ് കേറ്റാറുള്ള കുട്ടനും തടസ്സമൊന്നും പറഞ്ഞില്ല. അതും കുട്ടന്‍ പഴയ സിസ്റ്റവും വെച്ചുകൊണ്ടിരിക്കുമ്പോള്‍. എന്‍റെ കാര്യങ്ങള്‍ക്കെല്ലാം വീട്ടില്‍ അവസാന വാക്ക് കുട്ടന്റെതാണ്. 
ലേഡീസ് ഹോസ്റ്റല്‍ സ്പോര്‍ട്സിന്റെ 'തവളച്ചാട്ടം' നടന്നുകൊണ്ടിരിക്കുമ്പോള്‍ കുട്ടനും കൂട്ടുകാരനും കൂടെയാണ് ലാപ്പ് കൊണ്ടുവന്നു തന്നത്. അന്ന് ഞാന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. കണ്ണൊക്കെ നിറഞ്ഞുപോയി. കിട്ടാവുന്നിടത്തു നിന്നെല്ലാം കഴിഞ്ഞ രണ്ടരകൊല്ലത്തെ ഫോട്ടോകള്‍, സ്റ്റഡി മെറ്റീരിയല്‍സ്, എന്നുവേണ്ടതെല്ലാം ഒപ്പിച്ച് ഭയങ്കരമായ ആവേശത്തിലായിരുന്നു ഞാന്‍. ആ ആവേശമാണ് ഇപ്പോ ആകസ്മികമായി അന്ത്യകൂദാശയില്‍ എത്തിനില്‍ക്കുന്നത്‌. പിറ്റേന്നു മുതല്‍ കുട്ടന്‍റെ കാതുകളിലേക്ക് പരാതികള്‍ പോയിക്കൊണ്ടിരുന്നു. 
“കുട്ടാ കീബോര്‍ഡില്‍ അക്ഷരമൊന്നുമില്ല.” 
“ങാ. നീ ഉള്ളതു കൊണ്ട് ടൈപ്പ് ചെയ്താ മതി. ആദ്യത്തെ ഒരാഴ്ചത്തെ ബുദ്ധിമുട്ടേ ഉള്ളു. ടൈപ്പിംഗ്‌ പഠിക്കാന്‍ ബെസ്റ്റാ..” 
“കുട്ടാ മൗസിന്‍റെ ലെഫ്റ്റ് ബട്ടണ്‍ ഞെക്കാന്‍ പറ്റത്തില്ല.” 
“അതിന് കമ്പ്യൂട്ടറില്‍ മൗസിന്‍റെ ലെഫ്ടും റൈറ്റും ടോഗിള്‍ ചെയ്യാന്‍ ഓപ്ഷനുണ്ട്. അങ്ങനെ ചെയ്താ മതി.” 
“കുട്ടാ UPS വര്‍ക്ക് ചെയ്യുന്നില്ല.” 
“എന്നാ കുറച്ച് നാളത്തെയ്ക്ക് നേരെ കുത്തിക്കോ.. വല്ലോം ടൈപ്പ് ചെയ്യുവാണേല്‍ എടയ്ക്കെടയ്ക്ക് സേവ് ചെയ്താ മതി.” എന്റെ പരാതികള്‍ക്കൊക്കെ ഉരുളയ്ക്കുപ്പേരി പോലെ കുട്ടന് മറുപടിയുണ്ടായിരുന്നു. കുട്ടന്റടുത്താ കളി! 
                    സംഗതി സത്യമാണ്. ഞാന്‍ ടൈപ്പിങ്ങില്‍ സൂപ്പര്‍ഫാസ്റ്റായി. പിന്നെ വേറൊരു ഗുണം സിസ്റ്റം ലോക്ക്ചെയ്യാതെ ഇട്ടിട്ടുപോയാലും ഒരു കുഞ്ഞുപോലും കേറി പണി തരില്ല!  കീബോര്‍ഡില്‍ അക്ഷരമൊന്നുമില്ല. ഓണ്‍സ്ക്രീന്‍ ട്രൈ ചെയ്യാനാണേല്‍ മൗസും അനങ്ങില്ല. 

ആ ഒരു വര്‍ഷം ലേഡീസ് ഹോസ്റ്റലില്‍ ഉണര്‍ന്നിരുന്ന മുഴുവന്‍ സമയവും എന്റെ സ്ഥാനം ആ സിസ്റ്റത്തിനുമുന്നിലായിരുന്നു. ഞാന്‍ കടലാസില്‍ ഓരോന്ന്  കുത്തിക്കുറിച്ചിടും. സഹമുറിയത്തികള്‍ക്ക് വായിക്കാന്‍ കൊടുത്ത് അഭിമാനത്തോടെ ഞെളിഞ്ഞു നില്‍ക്കും. അങ്ങനെ ഞെളിഞ്ഞു നില്‍ക്കുന്ന ഒരു നട്ടുച്ചക്കാണ്  ഞെട്ടിക്കുന്ന ആ വാര്‍ത്ത‍ പുറംതോട് പൊട്ടിച്ചു പുറത്തേക്കു വന്നത്.
“ഡുണ്ടു മോള്‍ക്ക് ബ്ലോഗും കൊറേ ഫോളോവേഴ്സും ഒക്കെ ഒണ്ട്.” 
ബ്ലോഗോ! ദെന്താത്!! കേട്ടമാത്രയില്‍ തപ്പിപ്പിടിച്ചു ഞാന്‍ ബ്ലോഗ്‌ എന്താണെന്ന് കണ്ടുപിടിച്ചു. ഈ ബ്ലോഗിലെന്താ ഉള്ളതെന്നു അറിയണമല്ലോ. ലാസ്റ്റ് സെമസ്റ്ററിന്റെ യൂണിവേഴ്സിറ്റിയുടെ സ്റ്റഡി ലീവാണ്. ബ്ലോഗെന്താന്നറിയാനും കേറി നിരങ്ങാനുമൊക്കെ പറ്റിയ സമയം. ഡുണ്ടു മോള്‍ടെ ബ്ലോഗില്‍ പോയി നോക്കിയപ്പോ 8 ഫോളോവേഴ്സ് . ഞാനും കൂടി. അതോടെ '9' എന്ന് കാണിച്ചു. ഇതാണോ 'കൊറേ' ഫോളോവേഴ്സ് എന്ന് പറഞ്ഞത്!
അങ്ങനെ രാശി നോക്കി വാശിക്കൊരു ബ്ലോഗു തുടങ്ങി. പഴയതൊക്കെ എടുത്ത് പോസ്റ്റി. “ഈ പെണ്ണൊന്നും പഠിക്കുന്നില്ല ” എന്ന് നാഴികക്ക് നാല്‍പതുവട്ടം സഹമുറിയത്തി പറഞ്ഞിട്ടും നുമ്മ കുലുങ്ങിയില്ല. ബൂലോകമെന്ന വിര്‍ച്വല്‍ ലോകത്തില്‍ ബ്ലോഗിന്റെയും കമന്റിന്റെയും ഫോളോവേഴ്സിന്റെയും ആനന്ദത്തില്‍ ആറാടുകയായിരുന്നു ഞാന്‍.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് പറഞ്ഞതുപോലെയായിരുന്നു ആ സിസ്റ്റത്തിന്റെ കാര്യം. ജോലിക്ക് കയറിയപ്പോള്‍ ലാപ്പൊട്ട് വാങ്ങിയതുമില്ല. സിസ്റ്റം വീട്ടില്‍ ഇട്ടിട്ട് പോരുകയും ചെയ്തു. ആദ്യമൊക്കെ കുട്ടന്‍ “നിനക്ക് ക്ലയന്റ് ലാപ്ടോപ് കിട്ടുമോന്ന്‍ നോക്കെടി ഇല്ലെങ്കില്‍ വാങ്ങാം.” എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.
             ഓഫീസില്‍ വെച്ച് അല്ലറ ചില്ലറ കമന്റിങ്ങിനു നോക്കിയപ്പോള്‍ എവിടെ നിന്നോ മുറുമുറുപ്പുകള്‍ കേട്ടു. ഒരു ചെറിയ ഓണ്‍സൈറ്റ് ട്രിപ്പിനു ഞാന്‍  യാത്ര പറഞ്ഞപ്പോള്‍ വളരെ സ്നേഹത്തോടെ ടീം ലീഡ് അണ്ണന്‍ ഒന്നേ പറഞ്ഞുള്ളൂ.
“ദൈവത്തെയോര്‍ത്ത് അവിടെ ചെന്ന് ബ്ലോഗു തുറന്ന് ആരെക്കൊണ്ടും അതുമിതും പറയിപ്പിക്കരുത്.” 
                  അന്നുതൊട്ടിന്നുവരെ ഓഫീസിലെ സിസ്റ്റം ബ്ലോഗുപോയിട്ട് മലയാളം പോലും കണ്ടില്ല.

മൊബൈലില്‍ ഇന്‍ഡിക് കീബോര്‍ഡുകൊണ്ട് ഒരു പയറ്റു പയറ്റിയെങ്കിലും തല മരവിച്ചതല്ലാതെ വേറെ ഗുണമൊന്നുമുണ്ടായില്ല. അതിനിടയില്‍ കുത്തിക്കുറിച്ചിരുന്ന ബുക്കെടുത്ത്‌ അവളുമാര്‍ ഫ്ലാറ്റിന്റെ പറ്റു ബുക്കാക്കി. അതോടെ എന്‍റെ "ലോക സാഹിത്യം" ആ കണക്കുകളില്‍ മുങ്ങി മരിച്ചു.
    “പുതിയൊരു ലാപ്ടോപ് വാങ്ങണം.” കുട്ടന്റെ മുന്‍പില്‍ കാര്യം പറഞ്ഞു. ബ്ലോഗിങ്ങിങ്ങെന്നു കേട്ടാല്‍ സമ്മതിക്കില്ല. (കട്ടായം! എന്‍റെ എഴുത്തിനെക്കുറിച്ച് അത്ര മതിപ്പാണ്)
“എടീ ഞാനീ ലാപ് സിനിമ കാണാന്‍ വേണ്ടി മാത്രമാ ഉപയോഗിക്കുന്നേ.ഞാനൊരു ഐപാഡ് വാങ്ങിക്കാം. അപ്പോ ലാപ് നിനക്ക് തന്നേക്കാം.”
        സംഗതി കൊള്ളാം. ഞാന്‍ ഹാപ്പിയായി. താമസിയാതെ കുട്ടന്‍ ഐപാഡു വാങ്ങി. അതില്‍ സിനിമ കാണലും തുടങ്ങി. പക്ഷെ ലാപ്പ് തിരിച്ച് എന്റെ കയ്യിലേക്ക് എത്തിയില്ല. ശരം പോലെ ചോദ്യം പോയി.
          “എടീ ഞാനേ വേറെ കമ്പനി നോക്കുന്നുണ്ട്. അപ്പോ റെസ്യുമെ എഡിറ്റ്‌ ചെയ്യണേല്‍ ഐപാഡില്‍ എല്ലാ ഫോണ്ടും സപ്പോര്‍ട്ട് ചെയ്യത്തില്ല.” 
           അത് സത്യമാണ്. എന്നാ പിന്നെ അതൂടെ കഴിയട്ടെ. വേകുവോളം കാക്കാമെങ്കില്‍ ആറുവോളം കാക്കാനാണോ പാട്. ഞാനിവിടെ കണ്ണിലെണ്ണയൊഴിച്ചിരിപ്പാണ്. ഇനി ലാപ്ടോപ് കിട്ടീട്ട് വേണം ഒരു കലക്ക് കലക്കാന്‍. കടലോളം അനുഭവങ്ങളുണ്ട് എന്നൊക്കെ പറയാം. ഒക്കെക്കൂടി ഇവിടെയിട്ടു നിങ്ങളെയൊക്കെ ഇഞ്ചിഞ്ചായി സന്തോഷിപ്പിക്കണം. എന്നെ അനുഗ്രഹിച്ചാലും ആശിര്‍വദിച്ചാലും.

(വാല്‍ക്കഷണം: എന്റെ ലാപ്‌ മോഹത്തിന് പിന്നില്‍ ഇത്ര വലിയ ചരിത്രമുണ്ടെന്നു കുട്ടന് പോലും അറിയില്ല. എന്നാലും കുട്ടന്‍ ഈ പോസ്റ്റ്‌ കാണാതിരിക്കണേ കര്‍ത്താവേ...)

127 comments

 1. കുട്ടനെ വിളിച്ചു കാണിക്കുന്ന കാര്യം ഞാനേറ്റു..!

  ReplyDelete
  Replies
  1. അടി മേടിക്കും! ഞാനും എന്റെ കയ്യിന്നു നീയും

   Delete
  2. നീ മേടിക്കും... ഞാന്‍ ഓടും :P

   Delete
  3. കണി കൊള്ളാമല്ലോടാ... താഴോട്ട് നോക്കിക്കേ.. ഗണപതി വന്നു തുടങ്ങിയേന്റെ ഐശ്വര്യം.. ;)

   Delete
 2. വളരെ നന്നായിരിക്കുന്നു...

  ReplyDelete
  Replies
  1. വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും വളരെ സന്തോഷം ചേട്ടാ..:)

   Delete
 3. സമാധാനിക്ക് കുഞ്ഞുറുമ്പേ..സമാധാനിക്ക്....കുട്ടന്‍ വാങ്ങി തന്നില്ലെങ്കില്‍ ഞാന്‍ വാങ്ങിത്തരും. ഈ കണ്ണീരും കണ്ടിരിക്കാന്‍ എനിക്ക് വയ്യ......എഴുത്ത് ഇഷ്ട്ടമായി ..ആശംസകള്‍....എഴുത്തിനും നിനക്കും ലാപ്പിനും !

  ReplyDelete
  Replies
  1. അന്നൂസേട്ടാ വാക്ക് പറഞ്ഞാ വാക്കാണേ.. കുറച്ച് നാൾ നോക്കിയിരുന്നു കണ്ടില്ലേ ഞാൻ അത് വെച്ച് അടുത്ത പോസ്റ്റ്‌ ഇടും.. ;)

   Delete
 4. @@

  ഇഞ്ചിഞ്ചായി സന്തോഷിപ്പിക്കുക എന്നത് ഇഞ്ചിഞ്ചായി കൊല്ലുക എന്നതിന്‍റെ മൃഗീയ വശമാണോ എന്ന് സംശയിക്കുന്നതായി ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
  ആരോമല്‍ ചേകവരുടെ ഡെസ്ക് ടോപ്‌ വലിച്ചെറിയൂ.
  എന്നിട്ടൊരു ലാപ്‌ സ്വന്തായി വാങ്ങൂ ആര്‍ച്ചേ..

  ഓം ബ്ലോഗായ ലാപായ കമന്‍റായ പോസ്റ്റായ നമഹ!
  യാഹു വാനന്ത ഭവന്തു സ്വാഹ!

  ബ്ലോഗാശംസകള്‍ നേരുന്നു.

  ***

  ReplyDelete
  Replies
  1. ബൂലോകത്തിലെ മുടിചൂടാമന്നന്റെ അനുഗ്രഹം കിട്ടിയല്ലോ.. അതുമതി ആർച്ചയ്ക്ക്.. ഡെസ്ക്ടോപ്പ് ഒക്കെ പണ്ടേ വലിച്ചെറിഞ്ഞു ഇക്കാ.. ഇനീപ്പോ ലാപ് കിട്ടുമൊന്ന് കുറച്ചൂടെ നോക്കിട്ട് വാങ്ങുന്നതല്ലേ ബുദ്ധി.. യൂറ്റിലൈസേ ഷൻ ഓഫ് അവൈലബിൾ റിസോഴ്സസ് .. ;) ഏത്..

   Delete
 5. എഴുത്ത് കൊള്ളാം ,കേട്ടോ .

  ReplyDelete
  Replies
  1. വെട്ടത്താൻ ചേട്ടാ വരവിനും വായനയ്ക്കും അഭിപ്രായത്തിനും ഏറെ സന്തോഷം.. നിങ്ങളെപ്പോലെ ഉള്ളവരുടെ പ്രോത്സാഹനമാണ് എഴുതാനുള്ള പ്രചോദനം.. :)

   Delete
 6. രസാവഹമായി എഴുതിയിട്ടുണ്ട്..

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷം വരവിനും വായനയ്ക്കും
   :)

   Delete
 7. ആദ്യമായ ഇവിടെ ..നന്നായിട്ടുണ്ട് എഴുത്ത് ,നല്ല റീഡബിലിറ്റി ഉണ്ട്

  ReplyDelete
  Replies
  1. ഇനി വരവ് തുടരണം കേട്ടോ... വരവിനും ആദ്യ വായനയ്ക്കും ഏറെ സന്തോഷം

   Delete
 8. കുഞ്ഞൂ....തകർത്തല്ലോ.!!!!!!!

  കുറേ നാൾ കൂടി ചെയ്തതതാണെങ്കിലും നല്ല വായനാസുഖം.രസിച്ചു വായിച്ചു.

  ഈ കുട്ടൻ എന്നാ കുട്ടനാ????ഇത്തിരിപ്പോന്ന കുഞ്ഞിപ്പെങ്ങളെ പറ്റിച്ച്‌ നടക്കുവാ ല്ലേ??കുട്ടന്റെ ഓട്ടോയിലെ വരവ്‌ പൊട്ടിച്ചിരിപ്പിച്ചു..ഏറ്റവും ഇഷ്ടപ്പെട്ടത്‌ മോനിട്ടറിന് പുളകമുണ്ടായത്‌ വായിച്ചാണ് ......ഹാ..ഹാാ.

  ഇനി വലിയ ഇടവേളയില്ലാതെ എഴുതൂ.ആശംസകൾ.!!!!!!!

  ReplyDelete
  Replies
  1. സന്തോഷം സുധിച്ചേട്ടാ.... അല്ലേലും ഈ കുട്ടനെന്നാ കുട്ടനാ... കുട്ടൻ കേൾക്കണ്ട... ചുമ്മാ...

   Delete
 9. ഇഷ്ടമായി.
  അല്പം കൂടി ഹാസ്യമാകാമായിരുന്നു എന്ന് തോന്നി.
  അനുഭവകഥ എഴുതുമ്പോൾ ഞാൻ ഞാൻ എന്ന പരാമർശം കഴിവതും ഒഴിവാക്കുക. അത് implied ആണ്.
  അതുപോലെ അനുഭവകഥ പറയുമ്പോൾ അല്പം കൂടുതൽ ചേർത്ത് പറയുന്നതും രസകരമാണ്. അസ്വാഭാവികമാകാതെ പറയണം..
  അനുഭവകഥയെ അങ്ങിനെ ഹാസ്യത്തിന്റെ തലത്തിലേയ്ക്ക് കൊണ്ടുവരാൻ എളുപ്പമാണ്.
  എന്തായാലും പുതിയ ലാപ്പ് കിട്ടാൻ കുട്ടാശംസകൾ ..!!

  ReplyDelete
  Replies
  1. ഇഷ്ടപ്പെട്ടതിൽ സന്തോഷം പ്രദീപേട്ടാ... പിന്നെ ഹാസ്യമൊക്കെ എഴുതുമ്പോൾ വരുന്നതല്ലേ.. കൂടുതൽ എഴുതിയാൽ ഏച്ചുകെട്ടാവുമെന്നു തോന്നി. പിന്നെ 'ഞാൻ' പരമാവധി ഒഴിവാക്കി ഒന്നുകൂടെ വായിച്ചു നോക്കി. പലയിടത്തും ഒരു അപൂർണത തോന്നി. ഇനി ശ്രദ്ധിക്കാം

   Delete
 10. കുഞ്ഞുറുമ്പേ കഥ വളരെ നന്നായിരിക്കുണു എന്തായാലും കുട്ടൻ്റെ ബുദ്ധി കൊള്ളാം.. : അക്ഷരം തെളിയാത്ത കീ ബോർഡ് കൊണ്ട് ഗുണമുണ്ടെന്നും മനസിലായി വളരെ നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. അക്ഷരം തെളിയാത്ത കീബോർഡ് ടൈപ്പിങ്ങ് പഠിക്കാൻ കൊള്ളാം ;) . അതെ കുട്ടൻ വളരെ ബുദ്ധിമാനാ.. :) വായനയ്ക്കും അഭിപ്രായത്തിനും നന്ദി കേട്ടോ. ഇനിയും വരുമല്ലോ

   Delete
 11. ലളിതസുന്ദരമായ ശൈലിയില്‍ രസകരമായി എഴുതി.
  നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷം തങ്കപ്പൻ ചേട്ടാ.. വരവിനും വായനയ്ക്കും അഭിപ്രായത്തിനും :)

   Delete
 12. കുട്ടൻ ഇതു കാണുന്നുണ്ടോ.....
  എത്രയും വേഗം ഈ വിങ്ങുന്ന ഹൃദയത്തിന് ഒരു ലാപ് കൊടുക്കൂ.....

  ReplyDelete
  Replies
  1. ശുപാർശ കൊണ്ടൊന്നും കാര്യമില്ലെന്നാ പ്രദീപേട്ടാ തോന്നുന്നേ.. പാവം ഞാൻ

   Delete
 13. അതേയ് ഉറുമ്പേ ,, രണ്ട് നാല് ദിവസം മുൻപ് , ബ്ലോഗി ബ്ലോഗി പോകുന്നതിനിടക്ക് ഒരു 'സഹമുറിയൻ'പ്രയോഗം എവിടെയോ കണ്ടിരുന്നു.വൈദ്യൻ ജ്യുവലിന്റെതാണെന്നാ തോന്നുന്നേ.ദതിലെ സഹമുറിയന്റെ ആരെങ്കിലുമാണോ ദിതിലെ സഹമുറിയത്തി എന്ന് ഒരു സദാചാര കൌതു.

  സന്തോഷിപ്പിച്ച് ഇഞ്ചിക്കിടുമെന്ന പ്രഖ്യാപനത്തിനുമേൽ ഞാനും പെരുത്തൊരു ലൈക്കടിക്കുന്നു.


  ReplyDelete
  Replies
  1. റൂംമേറ്റ് എന്നതിനെ ഒന്ന് മലയാളീകരിച്ചതാ സഹമുറിയത്തി.. .. ;) ഞാനെരടെം പ്രയോഗം അടിച്ചു മാറ്റീതല്ല.. :( എന്റെ പഴയ പോസ്റ്റ്‌ ഒക്കെ എടുത്ത് നോക്കിക്കേ.. അവിടേം ഉണ്ട് സഹമുറിയത്തി :) വായിച്ചു പുളകിതരാകാൻ ഇനിയും കൂടെ കൂടിക്കോ..

   Delete
  2. എൻറെ ദേശീയ മൃഗം ഉറുമ്പാകുന്നു .അവ ഒരിക്കലും ഒന്നും മോട്ടിക്കാറില്ല.

   സ്വന്തമായി കൃഷിചെയ്ത് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന അവയെ കട്ടുതീനി എന്ന് വിളിച്ചതിൽ ഞാൻ നിർവ്യാജം ഖേതിക്കുന്നു

   അല്ല പിന്നെ ്#$$%**

   Delete
  3. ഉറുമ്പിനു കൃഷി ചെയ്താ എന്താ? ഇനീപ്പോ അതും വേണ്ടി വരുമ്ന്നാ തോന്നുന്നെ..

   Delete
 14. മോണിറ്ററിനെ മാത്രമല്ല , വായനക്കാരെ
  കൂടി , ഇങ്ങിനെ ഈ തരുണീമണികൾ വരികളാൽ
  പുളകിതരാക്കിയാൽ , ഞങ്ങൾ പഴേ ജാഡ എഴുത്തുക്കാരൊക്കെ
  ലാപ്പടച്ച് വെക്കേണ്ടിവരുമല്ലോ എന്റെ ബൂലോഗ മുത്തപ്പാ..കാത്തോളണേ..!

  ReplyDelete
  Replies
  1. ബൂലോക മുത്തപ്പന് ഞാനും ഒരു പ്രാർത്ഥന നേരാം അല്ലെ മുരളിയേട്ടാ.. ഈ ബൂലോക ബ്ലോഗർമാരെ ഒക്കെ ഉറുമ്പ്‌ കടിക്കാതിരിക്കാൻ എല്ലാരും ഇവിടെ വന്നു വായിച്ച് കമന്റിട്ടു പോകണേന്നു ..

   Delete
 15. 'ലാപ്പനുഭവം' കൊള്ളാം... :)
  കുട്ടൻ അത് തിരിച്ചു തരുമെന്ന് എനിക്ക് തോനുന്നില്ല... ;)
  ബ്ലോഗിന്റെ പുതിയ ടെമ്പ്ലേറ്റ് നന്നായിട്ടുണ്ട്...

  ReplyDelete
  Replies
  1. കുട്ടൻ അത് തിരിച്ച് തരില്ലാന്നൊന്നും കരിനാക്ക് കൊണ്ട് പറയല്ലേ ചേട്ടാ.. എന്റെ ബ്ലോഗും കമന്റുമൊക്കെ അടച്ചു പൂട്ടേണ്ടി വരും.

   Delete
 16. രസകരമായി അവതരിപ്പിച്ചു.
  മുഷിയാതെ വായിച്ചു

  ReplyDelete
 17. Replies
  1. നന്ദി വീണ്ടും വരിക എന്നൊരു ബോർഡ് വെക്കാം അല്ലെ.. ;)

   Delete
 18. അവസാനം കുട്ടൻ ലാപ് തരുന്നതും അതിലൂടെ വിരിയുന്ന സൃഷ്ടികൾ കാണാനും കാത്തിരിക്കുന്നു .

  ReplyDelete
  Replies
  1. ഞാനും കുട്ടൻ ലാപ് തരുന്നതിനു വേണ്ടി കാത്തിരിക്കുന്നു :)

   Delete
 19. വിട്ടേക്ക് കുഞ്ഞൂ, വേണോങ്കി കുട്ടന് രണ്ട് തട്ട് കൊടുത്ത് നുമ്മക്ക് അതിങ്ങിസ്ക്കാം. ;)

  ReplyDelete
  Replies
  1. അയ്യോ വേണ്ട.. ഒരേയൊരു ആങ്ങള! മറക്കണ്ട ;) എന്നാലുമെന്റെ ലാപ്പേ.. :(

   Delete
 20. വായിച്ചു - ആശംസകള്‍

  ReplyDelete
  Replies
  1. താങ്ക്സ് ഇക്കാ.. :) ഇനിയും വരണം

   Delete
 21. വളരെ നന്നായിരിക്കുനു എഴുത്ത്, ബ്ലോഗ് കാണാൻ നല്ല ചന്തവുമുണ്ട്.

  ReplyDelete
  Replies
  1. വളരെ സന്തോഷം.. കേരള ബ്ലോഗ്‌ ഡയറക്ടറിയും ഇ പള്ളിക്കൂടവുമൊക്കെ കണ്ടിരുന്നു.. :) ഡയറക്ടറിയിൽ ബ്ലോഗ്‌ ലിങ്ക് ഉൾപ്പെടുത്തിയതിലും സന്തോഷം സാബു ചേട്ടാ

   Delete
 22. എന്നാലും കുത്തിക്കുറിച്ചിരുന്ന ബുക്കെടുത്ത്‌ പറ്റുബുക്കാക്കിയത് അക്രമമാണ്.
  പ്രതിഷേധിക്കണം.

  ReplyDelete
  Replies
  1. അതെ.. നാളെ മുതൽ കഞ്ഞിയും കറിയും വെയ്ക്കില്ല എന്ന് പ്രഖ്യാപിച്ച് രാജിക്കത്തായി കറിക്ക് അരിയുന്ന കത്തി എടുത്ത് കൊടുത്താലോന്നാ ആലോചന ;)

   Delete
 23. എഴുത്ത് നടക്കട്ടെ.. എഴുതി തെളിയട്ടെ..

  ReplyDelete
  Replies
  1. താങ്ക്സ് ഭായ്.. ഇനിയും വരുമല്ലോ :)

   Delete
 24. വായിച്ചൂട്ടോ. ആശംസകള്‍.

  ReplyDelete
  Replies
  1. താങ്ക്സ് ട്ടോ സുധീർ ഭായ്... :)

   Delete
 25. ചിരിപ്പിച്ചു. നല്ല എഴുത്ത്. വായിക്കാന്‍ സുഖമുണ്ട്. കുഞ്ഞുരുംബിനു ആശംസകള്‍ നെല്ലിക്കയുടെ വക

  ReplyDelete
  Replies
  1. നെല്ലിക്ക കുറച്ചൊക്കെ കഴിച്ചിരുന്നു.. ആകെ കയ്പ്പും മധുരവും.. വരവിനും വായനയ്ക്കും താങ്ക്സ് ട്ടോ.. :)

   Delete
 26. പുതിയ കൽക്കണ്ട കഷണത്തിന് നല്ല മധുരം! പുതിയ ടെമ്പ്ലേറ്റ് ഭംഗിയായി! ആശംസകൾ!

  ReplyDelete
  Replies
  1. മധുരമുണ്ടല്ലോ അല്ലെ.. ഭാഗ്യം.. :) പിന്നെ ടെമ്പ്ലേറ്റ് കൊറച്ച് കഷ്ടപ്പെട്ടു ഡോക്ടറെ :)

   Delete
 27. അനിയത്തിമാരെ പറ്റിച്ച് ഓസിന് കാര്യങ്ങൾ സാധിച്ചെടുക്കുന്നത് ചേട്ടന്മാരുടെ ജന്മാവകാശമാണ്. കുട്ടന് ഞാൻ സർവ പിന്തുണയും പ്രഖ്യാപിക്കുന്നു. എഴുത്ത് നന്നായി കേട്ടോ :)

  ReplyDelete
  Replies
  1. കൊച്ചു ഗോവിന്ദനും ഒരു പറ്റീരിന്റെ ആളാന്നു തോന്നുന്നല്ലോ.. ലാപ് കിട്ടിയാ ഭാഗ്യം.

   Delete
 28. Replies
  1. നന്ദി വീ കെ.. ചിന്നുവിന്റെ നാട്ടിൽ വന്നിരുന്നു.. നോവൽ അവസാനമായതുകൊണ്ട് വായിക്കാൻ പറ്റിയില്ല.. :( ആദ്യം മുതൽ തുടങ്ങണം.. ലാപ് കിട്ടട്ടെ.. ;)

   Delete
 29. എഴുത്ത് നന്നായി രസിപ്പിച്ചു..ലാപ്പ് ഉടനെ കിട്ടുമാറാകട്ടെ :D

  ReplyDelete
  Replies
  1. രാജാവിന്റെ അനുഗ്രഹം ഉണ്ടല്ലോ.. ഇനീപ്പോ ഉടനെ കിട്ടുവാരിക്കും.. :)

   Delete
 30. അഡ്രസ് പറയൂ, ഞാന്‍ ഈ ലാപ്‌ടോപ് അങ്ങോട്ട് അയച്ചുതന്നേക്കാം. എന്നെക്കൊണ്ട് അത്രയൊക്കെ പറയാനല്ലേ പറ്റൂ

  ReplyDelete
  Replies
  1. ഒടുവിൽ അജിത്തേട്ടനെങ്കിലും മനസിലായല്ലോ ഞാനീ പോസ്റ്റ്‌ ഇട്ടതിന്റെ ഉദ്ദേശം .. ;) അഡ്രെസ്സ് പറയുമേ... ഹൗസ് നമ്പർ 9 .. തേർഡ് ക്രോസ് സെകണ്ട് മെയിൻ.. ;)

   Delete
 31. നല്ലെഴുത്തിന്റെ സ്പര്‍ശനം

  ReplyDelete
  Replies
  1. താങ്ക്സ് ചേട്ടാ.. ഇനിയും ഇതുവഴി വരില്ലേ ആനകളെയും തെളിച്ചുകൊണ്ട്? ;)

   Delete
 32. പാവം കുട്ടൻ .....

  ReplyDelete
  Replies
  1. അതേടാ അതെ. നീ പണ്ടേ കുട്ടന്റെ ആളാ.. എനിക്കറിയാം.. ശ്രീജിത്തേ ഒന്നുമില്ലേലും നിനക്കുമൊരു പെങ്ങളുള്ളതല്ലേടാ.. ;)

   Delete
  2. ഓ സൈകോളജിക്കൽ മൂവ് .... :)

   Delete
  3. പിന്നല്ലാ.. ;) പണ്ടേ അങ്ങനെ ആണല്ലോ..

   Delete
 33. ലാപ്പ് കഥ നന്നായി. രസകരവും. എഴുത്തും നല്ലത്.

  എന്നാലും കുട്ടൻറെ വാക്കും വിശ്വസിച്ച് ഇരിയ്ക്കുന്ന പെങ്ങൾ ഒരു മണ്ടി തന്നെ. വായനക്കാർ കുട്ടൻറെ ഭാഗത്താകും. ലാപ്പ് വരവ് നീളട്ടെ എന്ന പ്രാർത്ഥനയോടെ. കാരണം അവസാനത്തെ ആ ഭീഷണി തന്നെ " ഇഞ്ചിഞ്ചായി ഞങ്ങളെ കൊല്ലും " എന്നത്.

  മൂന്നാലു മാസം മുൻപ് ഒന്ന് കൂകിയിട്ട് പോയതാ. പിന്നെ കാണാനേ ഇല്ലായിരുന്നു. ഇങ്ങിനെയൊക്കെ മതിയോ എൻറെ അനൂ.

  ReplyDelete
  Replies
  1. ഇന്നലെ എന്തോ പറഞ്ഞ് എന്നെ കളിയാക്കിയപ്പോ ഞാൻ പറഞ്ഞു എനിക്ക് ലാപ്പ് വേണമെന്ന്.. ഒരു ഒന്നര മാസം പിടിക്കുന്ന ലക്ഷണമുണ്ട് . അന്ന് കൂവീത് മൊബൈലിൽ നിന്നാ.. കുറച്ച് കഷ്ടപ്പെട്ടിട്ടാണേലും. ഇപ്പോ എഴുതാൻ മടി പിടിച്ചതിന്റെ കാരണവും ലാപ് തന്നെയാ.. ഇനീപ്പോ നോക്കട്ടെ

   Delete
 34. നല്ല ഒഴുക്കുള്ള ശൈലി .
  നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. താങ്ക്സ് മൻസൂറിക്ക.. ഇനീം വരണേ

   Delete
 35. ഹ ഹാ..
  പോട്ടെന്നെ..
  കുട്ട൯ സിസ്റ്റമെങ്കിലും തന്നില്ലെ എന്ന് സമാധാനിക്കൂ...
  ഇവിടെ അതും തരാതെ ലാപ്പും അടിച്ചോണ്ട് പോക്ുന്ന ടീമുണ്ട്...
  hihhi......

  ReplyDelete
  Replies
  1. കുട്ടൻ സിസ്റ്റം തന്നാലും ഇപ്പോ സിസ്റ്റം എന്റെ കയ്യിലില്ലല്ലോ.. ;) അപ്പൊ പിന്നെ കുട്ടൻ സിസ്റ്റം തന്നു എന്ന് പറഞ്ഞാലെങ്ങനെയാ

   NB: കാക്കക്കുയിലിലെ ജഗദീഷ് ശബ്ദത്തിൽ വായിക്കുക ;)

   Delete
 36. കുഞ്ഞുറുമ്പേ...,
  പ്ലാന്‍ വരച്ച് മരിക്കുമെന്ന് ശപഥമെടുത്ത് വാങ്ങിയ ലാപ്, കുഞ്ഞനിയന്‍ ഉണ്ണിക്കുട്ടനു ഫോട്ടോഷോപ്പി മരിക്കാന്‍ വിട്ടുകൊടുത്ത്, മൊബൈൽ മാത്രം ഉപയോഗിച്ച് പോസ്റ്റിടുന്ന ദാനധര്‍മിഷ്ഠയായ ഒരു പാവം ഇവിടുണ്ടേ... അതു കൊണ്ട് പോസ്റ്റാത്തതിന് നോ എക്സ്ക്യൂസസ്..
  വേം ചടപടാന്ന് പോസ്റ്റിട്ട് ഇഞ്ചിഞ്ചായി സന്തോഷിപ്പിക്കൂ..!!

  കുഞ്ഞുറുമ്പിന്‍റെ കുസൃതിവച്ച് ഈ പോസ്റ്റില്‍ ശകലം കൂടി ഹാസ്യമാകാമായിരുന്നെന്നു തോന്നീട്ടോ...

  ( ഒരു സംശയം... ഈ "കുട്ടന്‍" മാരെല്ലാം ഇങ്ങനെ പെങ്ങന്മാരുടെ ലാപ് അടിച്ചു മാറ്റുന്നവരാണോ..??)

  ഇനിയൊരുപദേശം.. അതിനു കാത്തിരിക്കണ്ട.!
  സ്വമനസ്സാലെ വിട്ടുകൊടുത്ത് ദാനശീലയാകൂ... ന്നെപ്പോലെ.... :-P :-P :-P

  ReplyDelete
  Replies
  1. മൂത്തവർ ഇളയവർക്കു മുൻപിൽ ദാനശീലരാവുന്നതിൽ ഒരു തെറ്റുമില്ല എന്നാ എന്റെ അഭിപ്രായം. ഞാനാ ഇളയത് ;) കല്ലോലിനി കവിത ഒക്കെ എഴുതുന്നതു കൊണ്ട് കുറച്ചല്ലേ വരൂ.. പാവം ഞാൻ ഇതൊക്കെ വലിച്ച് നീട്ടി മൊബൈലീന്നു ടൈപ്പണ്ടേ?

   Delete
 37. അനായാസ എഴുത്ത്.... നന്നായിട്ടുണ്ട്.
  ഈയുള്ളോൻ കമ്പനി ലാപ്ടോപ്പാ ബ്ലോഗിങ്ങിനൊക്കെ ഉപയോഗിച്ചത്...,,..
  ഒരു കാലഘട്ടത്തിൽ അതിനു മലയാളം മാത്രേ അറിയുള്ളാരുന്നു!!

  റെസ്യൂമേ ചെയ്ത് കഴിഞ്ഞ് ഐപാഡ് തരാംന്ന് പറ...

  ReplyDelete
  Replies
  1. താങ്ക്സ് സുമേഷേട്ടാ.. കമ്പനി ലാപ് തരുമോന്ന് നോക്കെടീ എന്ന് പറഞ്ഞിരുന്നതാ ആദ്യം. നമ്മടെ കമ്പനി അല്ലേ ;)
   പിന്നെ 'ഒരുകാലത്ത് ' എന്ന് പറഞ്ഞ് മടി പിടിക്കണ്ടാ.. ഇനിയും.ആവാല്ലോ..

   Delete
 38. ഒരുപാട് നാളുകൾക്കു ശേഷമാണ് ഒരു ബ്ലോഗ്‌ സന്ദർശിക്കുന്നത് , മെയിലിൽ കണ്ട ലിങ്ക് വഴി വന്നതാ..ലേശം നൊസ്റ്റാൾജിയ വരുന്നു..
  എഴുത്ത് നന്നായിട്ടുണ്ട് ..ആശംസകൾ

  ReplyDelete
  Replies
  1. ഏറെ നാളുകൾക്ക് ശേഷം വായിക്കാനിടയായത് കൽക്കണ്ടമായതിൽ ഏറെ സന്തോഷം.. നൊസ്റ്റാൾജിയ ഉണ്ടെങ്കിൽ ഒരു തിരിച്ചുവരവും ആവാമല്ലോ അല്ലേ..

   Delete
 39. മെയിൽ വഴി കിട്ടിയ ഇഗ്ഗോയ് ചേട്ടന്റെ കമന്റ് :-

  Googe+ ല്‍ വട്ടത്തില്‍ ആക്കിയതാരെന്നറിയാന്‍ വന്നു നോക്കിയപ്പോള്‍ ഈ കുറിപ്പ് വായിച്ചിരുന്നു. മെയില്‍ കൂടി വന്നതുകൊണ്ട് അഭിപ്രായം പറയുന്നു. കേള്‍ക്കാന്‍ രസമില്ലാത്തവയാണ്‌ പറയാനുള്ളത്. അതുകൊണ്ട് കമന്റുന്നില്ല.

  വായിച്ചിടത്തോളം ഈ കുറിപ്പില്‍ ഒന്നും ഇല്ല. താമാശ തീരെ തോന്നിയില്ല. " എന്‍റെ കാര്യങ്ങള്‍ക്കെല്ലാം വീട്ടില്‍ അവസാന വാക്ക് കുട്ടന്റെതാണ്." എന്ന സാധാരണ വാചകം മാത്രമാണ്‌ എന്റെ ശ്രദ്ധയില്‍ പെട്ടത്. ബ്ലോഗിനെക്കൂറിച്ചും അതിലെ കമന്റുകളെക്കുറിച്ചുമൊക്കെ പെരുപ്പിച്ച് പറഞ്ഞ്‌ ഫലിതമാക്കി കുറേപേര്‍ ഫലിപ്പിച്ചത് കുറേ മുന്നേ ആണ്‌. കണ്ണൂരാന്‍ ആ വഴിക്ക് കൂറച്ച് എഴുതിയിട്ടുണ്ട്. ആ കാലം കഴിഞ്ഞു. ബ്ലോഗ്‌ ഇന്ന് ആ അവസ്ഥയില്‍ അല്ല തന്നെ.
  കവിത എന്ന ലേബലില്‍ ഉള്ളവ നോക്കി. അവകളില്‍ കവിതയായൊനും ഇല്ല എനാണ്‌ തോന്നിയത്. അതിനു മെഴ്സി മിസ്സിനെ പറഞ്ഞാല്‍ മതി. ഹൈകു എന്നൊക്കെ ആളുകള്‍ വെറുതേ പറഞ്ഞതാണ്‌. മൂന്നോ നാലോ വരിയില്‍ എങ്ങനേലും പടയ്ക്കണ വെറും സാധനങ്ങള്‍ അല്ല ഹൈകു. മലയാളത്തില്‍ ആ മാതിരി എഴുതിയതില്‍ പ്രധാനി കുഞ്ഞുണി മാഷാണ്‌. പിന്നെ, വീരങ്കുട്ടിയുടെ ചിലതൊക്കെ ആ വകുപ്പില്‍ വരുമായിരിക്കും.
  'പിടക്കോഴികള്‍ കൂവട്ടെ' എന്നതും കൂടി വായിച്ചു. മുനിമാരുടെ ഭാരതത്തെക്കുറിച്ച് അവസാനം എഴുതിയതില്‍ ചില പിശകുകള്‍ ഉണ്ട്. അക്കാല ഭാരതം പെണ്ണുങ്ങള്‍ക്ക് അത്ര നല്ല സ്ഥലം ആയിരുന്നില്ലെന്ന് 'ചിന്താവിഷ്ടയായ സീത'മാര്‍ പറയും.

  നിങ്ങള്‍ടെ എഴുത്ത് ലളിതമാണ്‌. അതത്ര എളുപ്പമുള്ള ശൈലി അല്ലെന്ന് വായിക്കുന്നവര്‍ക്കറിയാം. കൂറേ കുറ്റം പറഞ്ഞിട്ട് അശ്വസിപ്പിക്കാന്‍ പറയുന്നതല്ല.
  അവളവള്‍ക്ക് തോന്നുന്നത് തോന്നും പോലെ എഴുതാന്‍ ഇനിയും പറ്റട്ടെ.

  ReplyDelete
 40. ഈ കുട്ടനാള് കൊള്ളാല്ലോ ... നീ ഇത്രക്കും മണ്ടിയായിരുന്നോ കുഞ്ഞുറുമ്പേ ??? പണ്ട് കുടം തലയിൽ കമത്തിയ സംഭവം ഓർമ്മ വരുന്നു ...അന്നേ നിന്റെ ബുദ്ധി ഉറുമ്പിനോളം ചെറുതായിരുന്നു എന്ന് മനസിലാക്കണമായിരുന്നു ഞങ്ങൾ .. എന്തായാലും അത് വിട് ...സംഗതി എഴുത്ത് നന്നായിട്ടുണ്ട് ..നല്ല ഓളവും ഒഴുക്കുമൊക്കെ ഉണ്ട് ... ഇത് വായിക്കുന്ന ഓരോ മടിയൻ ബ്ലോഗർമാർക്കും കണ്ടു പഠിക്കാൻ ഒരു വലിയ സന്ദേശം ഈ എഴുത്തിലുണ്ട് ..എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോരുത്തരും ബ്ലോഗ്‌ എഴുതാൻ സമയം കണ്ടെത്തുന്നതും അതിനായി പല ത്യാഗങ്ങളും സഹിക്കുന്നത് ... എന്നിട്ടും വലിയ വലിയ പുലി ബ്ലോഗർമാർക്ക് ഒന്നിനും സമയമില്ല പോലും ... അവരോടൊക്കെ എനിക്കൊന്നേ പറയാനുള്ളൂ ..ഈ പാവം കുഞ്ഞുറുമ്പ് കഷ്ടപ്പെടുന്നതിന്റെ ഒരംശം നിങ്ങളാരേലും കഷ്ടപ്പെടുന്നുണ്ടോ ബ്ലോഗ്‌ എഴുതാൻ ...അതാണ്‌ യഥാർത്ഥ ബ്ലോഗർ ..ഹാഹ് ..അതായിരിക്കണം യഥാർത്ഥ ബ്ലോഗർ ...ഇനീം എന്നെ കൊണ്ട് ഡയലോഗ് പറയിപ്പിക്കരുത് മക്കളേ ... തൽക്കാലം ഇത്രേം മതി ..

  അഭിനന്ദനങ്ങൾ ...

  ReplyDelete
  Replies
  1. ഹ ഹ ഹ .. താങ്ക്സ് പ്രവീണേട്ടാ... :) കുട്ടനൊരു പാവമല്ലേന്നോർത്ത് ഞാനൊരു വിട്ടുവീഴ്ച്ച ചെയ്യുന്നതല്ലേ... പിന്നെ ഡയലോഗ് തകർത്തൂട്ടോ...

   Delete
 41. അനുവിന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഉള്ള എഴുത്ത്..
  സത്യത്തില്‍ കാര്യമായി എഴുതാനും മാത്രം ഈ ലാപ്ടോപ് കാത്തിരിപ്പില്‍ ഒന്നുമില്ല; എങ്കിലും നര്‍മത്തിന്റെ മേമ്പൊടി ചാലിച്ച് അനു വിഷയം നന്നായി അവതരിപ്പിച്ചു.
  പിന്നെ, ഒരിടത്ത് ഒഴുക്കിന് ലേശം തടസം നേരിട്ടു. കോളേജിലെ വിശേഷം പറഞ്ഞ് വരവേ പെട്ടന്ന് ജോലിയുടെ കാര്യം കടന്ന് വന്നിടത്ത്...
  കഥയില്‍ ചോദ്യമില്ല എങ്കിലും ആരാണീ ഡുണ്ടു മോള്‍?
  അടുത്ത പോസ്റ്റില്‍ മംഗ്ലീഷ് അല്പം കുറയ്ക്കണേ....

  ReplyDelete
  Replies
  1. വീണ്ടുമൊരു വരവിനു നന്ദി മഹെഷെട്ടാ.. ടുണ്ടുമോൾ ഒക്കെയൊണ്ട്.. സീക്രട്ടാ.. ;) വേണേൽ ഇനി നേരിൽ കാണുമ്പോ പറയാം.. പിന്നെ മംഗ്ലീഷ് കൂടിപ്പോയത് മൊത്തം ടെക്നിക്കൽ സാധനങ്ങൾ ആയകൊണ്ടാ.. ലാപ്പും കീബോർഡും മൗസും ഒക്കെ.. ;) ഇനി നോക്കാം..

   Delete
 42. കുട്ടൻ ഇതു കണ്ടിട്ടും തന്നില്ലേ പറയണേ ..... ഹ ഹ ഹ നന്നായിരിക്കുന്നു എഴുത്ത് ആശംസകൾ .

  ReplyDelete
  Replies
  1. കുട്ടൻ ഇതെങ്ങാനും കണ്ടാ പിന്നെ കിട്ടുമെന്ന് ഒരു പ്രതീക്ഷേമില്ല.. കഴിഞ്ഞ ദിവസം ചുമ്മാ ബ്ലോഗിന്റെ ലിങ്ക് ചോദിച്ചിട്ട് ഞാൻ കൊടുത്തില്ല.. ലേടസ്റ്റ്‌ പോസ്റ്റ്‌ കണ്ടാ പണി പാളില്ലേ.. ;)

   Delete
 43. സരസമായ സംഭാഷണം പോലെ ഹൃദ്യമായ ഒരു കുറിപ്പ്.. ആശംസകളോടെ..

  ReplyDelete
  Replies
  1. വരവിനും വായനയ്ക്കും നന്ദി മുഹമ്മദ്‌ കുട്ടി സർ :)

   Delete
 44. കുട്ടേട്ട കുഞ്ഞുറുമ്പിന്‍ ചേട്ടാ ആ ലാപ്ടോപ് ഒന്ന് കൊടുക്ക്‌ ചേട്ടാ..സങ്കടം കാണാന്‍ വയ്യ ചേട്ടാ....
  അവതരണ ശൈലി നന്നായിട്ടുണ്ട്..എനിയും തുടരുക..ആശംസകള്‍

  ReplyDelete
  Replies
  1. ഹ ഹ .. എല്ലാരും കൂടി ഒരു ഹർജി കൊടുക്കണംന്നാ തോന്നുന്നേ ഇക്കാ... വരവിനും വായനയ്ക്കും സന്തോഷം കേട്ടോ.. :)

   Delete
 45. എന്നാലും എന്റെ കുഞ്ഞുറുമ്പിനെ പെന്നാങ്ങള ഇങ്ങനെ പറ്റിച്ചു കളഞ്ഞല്ലോ , കൊള്ളാട്ടോ കുഞ്ഞുറുമ്പേ ഈ എഴുത്ത്

  ReplyDelete
  Replies
  1. താങ്ക്സ് അൽജു ചേച്ചി.. പോസ്റ്റ്‌ ഒക്കെ ഞാൻ ഫേസ്ബുക്കിൽ വായിക്കാറുണ്ട്.. ആദ്യമല്ലേ ഇവിടെ.. ഒത്തിരി സന്തോഷം.. :)

   Delete
  2. ഈ ബ്ലോഗ്‌ ഞാന്‍ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ,, കണ്ടില്ലേല്‍ , ഒന്ന് ഓര്‍മ്മപെടുത്തിയാല്‍ മതി , പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ,, അതിന്റെ ക്രെഡിറ്റ് പ്രവീണ്‍നു മാത്രം , അല്ലേല്‍ കാണില്ലായിരുന്നു

   Delete
  3. :) ക്രെഡിറ്റ് പ്രവീണേട്ടനു തന്നെ.. ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിൽ പ്രവീണേട്ടൻ പോസ്റ്റ് ചെയ്യുന്ന ലിങ്കുകൾ വളരെ ഉപയോഗമുള്ളവയാണു.

   Delete
 46. :) കൊള്ളാല്ലോ. വായിക്കാൻ രസം ഉണ്ട് .

  ReplyDelete
 47. ലളിതമായ ശൈലി ഇഷ്ടപ്പെട്ടു ട്ടോ...

  ReplyDelete
  Replies
  1. താങ്ക്സ് ചേച്ചി.. ഇനീയും വായിക്കാൻ വരണേ..

   Delete
 48. @@

  ഇഗ്ഗോയ് ചേട്ടന്‍റെ കമന്റ് വായിച്ചു. "പെണ്ണ് സുന്ദരിയാണ്; പെങ്ങളായിപ്പോയി" എന്ന് പറഞ്ഞത് പോലെയാണ് അദ്ധേഹത്തിന്റെ വാക്കുകള്‍. പണ്ട് 'കല്ലി~വല്ലി'യില്‍ വന്നും തലങ്ങും വിലങ്ങും വാള്‍ ഓങ്ങിയിട്ടുണ്ട് ചേകവര്‍.

  എഴുത്തിനു പ്രത്യേകിച്ചൊരു കാലമുണ്ടെന്നു തോന്നുന്നില്ല. എഴുത്ത് മനോഹരമാണെങ്കില്‍ വായിക്കാന്‍ ആളുകള്‍ ഉണ്ടാകും. അത് കവിത ആയാലും കഥ ആയാലും അനുഭവം ആയാലും അങ്ങനെ തന്നെ. ഈ പോസ്റ്റില്‍ കാര്യമായി ഒന്നുമില്ലെന്ന് ഇഗ്ഗോയ് പറയുമ്പോള്‍ ഇവിടെ നൂറിലേറെപേര്‍ വായനക്കാരായി എത്തിയത് എഴുത്തിന്‍റെ ഭംഗി കൊണ്ട് തന്നെയാണ്. അല്ലാതെ ബിരിയാണി വിളമ്പിയത് കൊണ്ടല്ലല്ലോ!

  അന്നും ഇന്നും ബ്ലോഗിന് ഒന്നും സംഭവിച്ചിട്ടില്ല. ആളുകള്‍ വായന സ്മാര്‍ട്ട്‌ ഫോണിലാക്കിയപ്പോള്‍ അഭിപ്രായം പറയാന്‍ സൌകര്യമില്ലാതെയായി. പിന്നെ എഫ്ബിയുടെ കുത്തൊഴുക്കില്‍ ബ്ലോഗിലേക്കുള്ള വരവും ബ്ലോഗര്‍മാര്‍ കുറച്ചു. എങ്കിലും പലരും ബ്ലോഗില്‍ ഇപ്പോഴും സജീവമാണ്. ഇതൊന്നും അറിയാതെയാണ് ഇഗ്ഗോയ് ചേട്ടന്‍ ബോംബ്‌ എറിയുന്നത്.
  എഴുത്തില്‍ വിജയിക്കാതെ പോയ ഒരാളുടെ ഫ്രെസ്ട്രേശന്‍ മാത്രമാണ് അത്. അല്ലാതെ വിമര്‍ശന ബുദ്ധ്യാ പ്രോത്സാഹിപ്പിക്കുക എന്ന ലൈനല്ല എന്നര്‍ത്ഥം!

  ഈ പോസ്റ്റിനു സെഞ്ചുറി നേര്‍ന്നുകൊണ്ട്

  കണ്ണൂരാന്‍

  ***

  ReplyDelete
  Replies
  1. സെഞ്ച്വറി കമന്റിനു ആദ്യം തന്നെ താങ്ക്സ് ഇക്കാ.. പിന്നെ "പെണ്ണ് സുന്ദരിയാണ്; പെങ്ങളായിപ്പോയി" മാരക ഉപമ. ഇഗ്ഗൊയി ചേട്ടനോട് അല്ലെങ്കിലും എനിക്കും പറയാൻ തോന്നിയത് എനിക്ക് ഇഷ്ടമായതു കൊണ്ട് എഴുതുന്നു. ചേട്ടനു ഇഷ്ടമായില്ലേൽ വായിക്കണ്ട എന്നാണു. പിന്നെ ഇക്ക എനിക്ക് തന്ന പ്രചോദനത്തിനും മാനസിക പിന്തുണയ്ക്കും പിന്നേം താങ്ക്സ് കേട്ടോ.. :)

   Delete
 49. ഹാ ഹാ ഹാ...കണ്ണൂരാൻ എല്ലൂരാനായിട്ട്‌ നിൽക്കുവാണല്ലോ!!!!!!!!!!!

  ReplyDelete
  Replies
  1. പിന്നല്ലാ സുധി ചേട്ടാ . കണ്ടില്ലേ.. ബ്ലോഗിൽ എനിക്ക് ചോദിക്കാനും പറയാനും ആളായി ;)

   Delete
 50. ലാപ്പിന്റെ കഥ ഇഷ്ട്ടപെട്ടു.. എന്റെ ആശംസകൾ...

  ReplyDelete
 51. ഇഷ്ടം ...കൂടുതല്‍ നന്നായി എഴുതുക !
  ആശംസകളോടെ
  asrus

  ReplyDelete
 52. "തരുണീമണികളുടെ ഇടയിലേക്ക് ശാപമോക്ഷം കിട്ടിയ സന്തോഷത്തില്‍ മോണിട്ടര്‍ പുളകത്തോടെ ചിരിച്ചു." ------ അപ്പോൾ മോണിറ്റർ ആണാണല്ലേ? അവന്റെയൊരു സമയം!

  ReplyDelete
  Replies
  1. പിന്നല്ലാ ആൾരൂപൻ ചേട്ടാ.. ;)

   Delete
 53. ഒരു ലാപിനു ഇത്രേം വലിയ ചരിത്രം ഉണ്ടായിരുന്നോ..സമ്മതിക്കണം
  ഇനിയും എഴുതൂ വായിക്കാൻ തയ്യാറാണു

  ReplyDelete
  Replies
  1. ഏറെ സന്തോഷം മനു ചേട്ടാ... :)

   Delete
 54. കുട്ടന്റെ സിസ്റ്റം പോലെ ഒന്നും കുഞ്ഞുറുമ്പിന്റെ പോലെ ഒരു “ലെനോവോ” യും (അല്പം പണി മുടക്കിയത്) വച്ച് രണ്ടും കൂടി എന്ത് ചെയ്യണം എന്ന് ആളൊചിച്ചിരിക്കുമ്പോഴാ ഈ ലാപ് ചരിതം കണ്ടത്....നല്ല ആസ്വാദനാനുഭവം !!തുടരട്ടെ ചരിതങ്ങള്‍....

  ReplyDelete
  Replies
  1. സന്തോഷം മാഷെ.. പ്രോഗ്രാമ്മർ അല്ലെ.. ഹാർഡ്വെയറിൽ കൂടി ഒന്ന് കൈ വെച്ച് നോക്ക്.. സിസ്റ്റം ഇനി നന്നായാലോ.. ;)

   Delete
 55. അപ്പോൾ ഈ പോസ്റ്റ് എവിടെനിന്ന് ചെയ്തു.....? !

  ReplyDelete
  Replies
  1. അതൊരു ചോദ്യമാണല്ലോ ഹരിച്ചേട്ടാ.. കുറച്ചൊക്കെ മൊബൈലിൽ നിന്നും ബാക്കി കുറച്ച് കൂട്ടുകാരിയുടെ ലാപ്പിൽ നിന്നും ഡ്രാഫ്റ്റിലാക്കി ഓഫീസിൽ വെച്ച് പബ്ലിഷ് ചെയ്തു. ടെമ്പ്ലേറ്റ് ശരിയാക്കാൻ ഒരു ശനിയാഴ്ച്ച മുഴുവൻ ഓഫീസിൽ പോയിരുന്നു. :)

   Delete
 56. മുമ്പൊരിക്കല്‍ വന്നു പോയ ....ഉറുമ്പിനെ തേടിയിറങ്ങിയതാ.... വന്നു പെട്ടതോ..... ഉറുമ്പിന്‍റെ കൂട്ടിലും..... സംഗതി മാരകമായി....
  അപാര പെടയാ പെടച്ചിരിക്കുന്നത്....
  വായിച്ചപ്പോള്‍ അനിയത്തിയെ വല്ലാതെ ഓര്‍മ്മ വന്നു..... പാവത്തിനെ ഞാനും ഒരുപാട് പറ്റിച്ചിട്ടുണ്ട്.....
  ചേകവന്മാരും ആര്‍ച്ചയും ചേര്‍ന്ന് കുട്ടന്‍റെ പരിപ്പെടുത്ത് കറിവച്ചു....
  പറ്റുപുസ്തകവും....മോണിറ്ററും..... എന്നേയും പുളകിതനാക്കി വൈകിയതില്‍ ക്ഷമിക്കുക.... ആശംസകൾ...
  .

  ReplyDelete
  Replies
  1. ഹ ഹ.. ഇഷ്ടമായല്ലോ സന്തോഷം വിനോദേട്ടാ.. സൂര്യവിസ്മയത്തിൽ അതിനു ശേഷം രണ്ടു തെളിനീർച്ചാലുകൾ കൂടി വന്നതറിഞ്ഞു. പക്ഷേ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് വായന നടക്കുന്നില്ല.

   Delete
 57. നന്നായിരിക്കുന്നു.

  ReplyDelete
 58. ആണ്ട്രോയിട് ഫോണില്‍ നിന്നും ഇപ്പോള്‍ ഗൂഗിള്‍ ഹാന്‍ഡ്‌ റൈറ്റിംഗ് ഉപയോഗിച്ച് പണ്ടൊക്കെ സ്ലേറ്റില്‍ എഴുതുന്നതു പോലെ എഴുതാം ,, ഗൂഗിള്‍ ഇന്‍ഡിക്കിനേക്കാള്‍ വളരെ ലളിതമായ രീതി. ഒരു കുഞ്ഞു മൊബൈല്‍ മാത്രം മതി ഇന്ന് മലയാളം എഴുതാന്‍ ,,ലാപ് വരാന്‍ വേണ്ടി കാത്തിരിക്കണ്ട എഴുത്ത് തുടരുക ,, പത്തായത്തില്‍ നെല്ലുണ്ടേല്‍ എലി മുന്നാറില്‍ നിന്നും വരും എന്നാണല്ലോ നല്ലെഴുത്തിനു എഫ് ബി എന്നോ ബ്ലോഗ്‌ എന്നോ കണക്കില്ല ആളെ കിട്ടും ,,, ആശംസകള്‍..

  ReplyDelete
  Replies
  1. ഇതൊന്നും അറിയാഞ്ഞിട്ടല്ല.. എന്തോ ഒരു നിസംഗത

   Delete
 59. എന്നിട്ടിപ്പോൾ ലാപ് കിട്ടിയോ? ഉണ്ടാവില്ല അല്ലെ? കുട്ടന്റെ മെയിൽ ഐഡി തരൂ.. ഞങ്ങൾ വേണമെങ്കിൽ ശിപാർശ ചെയ്തോളാം.

  എഴുത്ത് കിടിലനായിരുന്നു.. എനിക്കീ ലാപിന്റെ കഥയൊന്നും അല്ല പിടിച്ചത്. കുട്ടനും കുട്ടത്തിയും തമ്മിലുള്ള ആ ഒരു കെമിസ്ട്രി ആയിരുന്നു. ശരിക്കും എന്റെ ജീവിതത്തിൽ എനിക്ക് മിസ്സായ ഒരു എലമെന്റ് ആണ് സിസ്റ്റർ എന്നത്. ഇങ്ങിനെ ഒരു പെങ്ങളുടെ കുട്ടനെ പോലെ ഒരാങ്ങളയായിരുന്നെങ്കിൽ ജീവിതത്തിനു കുറച്ചു കൂടി രസമുണ്ടാകുമായിരുന്നു എന്ന തോന്നുന്നു. പറഞ്ഞിട്ട് കാര്യമില്ല.

  ചില ഭാഗങ്ങൾ ശരിക്കും രസിപ്പിച്ചു.. ഇഞ്ചിഞ്ചായി സന്തോശിപ്പിക്കുന്ന കുറിപ്പുകൾ ഇനിയും ധാരാളമായി പോരട്ടെ..
  സമയം ഉണ്ടാകുന്നതല്ല.. നാം ഉണ്ടാക്കുന്നതാണ് എന്നോര്ക്കുക..

  ReplyDelete
  Replies
  1. ലാപ് കിട്ടി.. ഒരു ചെറിയ ഉപയോഗത്തിന് ശേഷം ലാപിന്റെ ഹാർഡ് ഡിസ്‌കും അടിച്ചു പോയി.. ഇപ്പൊ ഓഫീസ് ലാപ്പും കിട്ടി.. എന്നിട്ടും എഴുത്തു മാത്രം വരുന്നില്ല

   Delete
 60. ആ ഫോ​ണ്‍ വന്നത് അന്നമ്മയുടെ ഭാഗ്യം അല്ലങ്ങങ്കില്‍ ആ തുരങ്കത്തില്‍ അന്നമ്മ വീണ് പോയേനെ...... ആക്ച്വലീ ആ തുരങ്ങം ഇപ്പോള്‍ എവിടെ എത്തിക്കാണും....???

  ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)