അവള്‍

13:51

             യാന്ത്രികമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഓഫീസ് ജീവിതത്തിനിടയില്‍ വല്ലപ്പോഴും പിറന്ന മണ്ണിന്‍റെ വിളി വരും. ഇത്തവണയും വിളി ശക്തമായി. തീരുമാനിച്ചു. നാട്ടിലേയ്ക്ക് പോകണം. ബംഗലുരുവും കോട്ടയവും അത്ര അകലെയൊന്നുമല്ലല്ലോ. ഇടയ്ക്കൊക്കെ ഉള്‍വിളി വരുന്നതാണ്.ഇത്തവണയും താമസിപ്പിച്ചില്ല. അടുത്ത തീവണ്ടിക്ക് കയറി. നാട്ടിലേയ്ക്ക്! പണ്ടേ എനിക്ക് പെട്ടിയെടുക്കുന്ന ശീലം ഇല്ല- പോകും വരും എന്നല്ലാതെ! തോളിലൊതുങ്ങുന്നൊരു ബാഗു തന്നെ ധാരാളം.  
     പാലക്കാടെത്തിയപ്പോള്‍ ശ്വാസം ഒന്ന് ആഞ്ഞ് ഉള്ളിലേയ്ക്കെടുത്തു. തോന്നുമ്പോളൊക്കെ വരുന്നത് കൊണ്ടാവണം – പിറന്ന നാടിന്‍റെ ഗന്ധത്തോട് നൊസ്ടാള്‍ജിയ ഒന്നും തോന്നിയില്ല. കോട്ടയത്തുനിന്ന് 2 മണിക്കൂര്‍ ബസ്‌ യാത്ര! 2 വണ്ടി മാറിക്കയറണം. സീറ്റുള്ള ബസ്‌ നോക്കി ഇരുന്നതാണ്. പക്ഷേ, ഒരു കിഴവന്‍ എന്നെ ചാരി നില്‍ക്കുന്നതിനേക്കാള്‍ സുഖം, ഞാന്‍ നില്‍ക്കുന്നതാണെന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റു കൊടുത്തു. നാട്ടിലേയ്ക്ക് വന്നതറിഞ്ഞ് പ്രകാശന്‍ വിളിച്ചിരുന്നു.എന്‍റെ അനിയന്‍.അമ്മ അവന്‍റെ ഒപ്പമാണ്. ഇപ്പോള്‍ ആകെ വിളിയും പറച്ചിലുമൊക്കെ അവനോടെ ഉള്ളു. ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് അവള്‍ എന്‍റെ കണ്ണില്‍ ഉടക്കിയത്. ഡ്രൈവര്‍ സീറ്റിനു തൊട്ടു പിറകില്‍ യാത്രക്കാര്‍ക്ക് അഭിമുഖമായുള്ള ബസിന്‍റെ പെട്ടിപ്പുറത്തിരുന്നുമുന്‍പിലിരിക്കുന്ന ആരോടോ വാ തോരാതെ സംസാരിക്കുന്ന പെണ്‍കുട്ടി. ഒരു 20 വയസ്സ് കാണും. ആരോടാണിത്ര കുശലം പറയുന്നതെന്ന് അറിയാന്‍ ഞാന്‍ എത്തി നോക്കി. ഒരു വല്യമ്മച്ചി.  പുറത്ത് കുറച്ചു റബ്ബര്‍ കാടുകളും കോണ്‍ക്രീറ്റ് സൗധങ്ങളുമല്ലാതെ വിശേഷിച്ചൊന്നും ഇല്ലാത്തത് കൊണ്ടാവണം സമയം കൊല്ലാനായി ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നത്. നല്ല പ്രസരിപ്പും ചുറുചുറുക്കും ഉള്ളൊരു പെണ്‍കുട്ടി. ‘ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം’ എന്നൊന്നും പറയാനില്ലെങ്കിലും എന്തോ ഒരു ഭംഗി. ഞങ്ങളുടെ തന്നെ ‘ഫാഷയില്‍’ പറഞ്ഞാല്‍ ‘ഫംഗി’.    ഞാന്‍ നോക്കുന്നത് അവള്‍ കണ്ടു. എനിക്ക് നാണക്കേട്‌ ഒന്നും തോന്നിയില്ല. എന്‍റെ നോട്ടം അവള്‍ ആസ്വദിക്കുന്നുണ്ടെന്നു തോന്നി. മുന്‍പിലിരിക്കുന്ന തല നരച്ച അമ്മച്ചിയോടുള്ള കലപില സംസാരത്തിനിടെ വല്ലപ്പോഴും അവള്‍ കണ്‍കോണിലൂടെ നോക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ ഇപ്പോളും ഞാന്‍ ബസില്‍ ഉണ്ടോ എന്നാവാം. അല്ലെങ്കില്‍ ഇപ്പോഴും നോക്കുന്നുണ്ടോ എന്നാവാം. അവള്‍ ഫോണ്‍ ചെവിയോടടുപ്പിച്ചപ്പോള്‍ ഞാനും കാതു കൂര്‍പ്പിച്ചു. “അമ്മച്ചീ, ആറ്റില്‍ മുങ്ങിക്കുളിക്കാനുള്ള വെള്ളം ഉണ്ടല്ലോ അല്ലേ...?? എനിക്ക് പോകുന്നെന്നു മുന്‍പേ ചക്ക വേവിച്ചു തരണം.. ഞാന്‍ മിക്കവാറും നാളെയോ മറ്റന്നാളോ തിരിച്ചു പോകും കേട്ടോ..” എന്നിങ്ങനെ സംസാരം തുടര്‍ന്നപ്പോള്‍ ഏതോ തനി അച്ചായത്തി കുട്ടിയാണെന്ന് മനസ്സിലായി. 
              എനിക്ക് ഇറങ്ങിക്കയറാനുള്ള  bus standഎത്തി. അവളും എഴുന്നേല്‍ക്കുകയാണ്. പക്ഷെ സന്തോഷിക്കാനുള്ള വകയില്ല.. ഇവിടം ഒരു നാല്‍ക്കവല പോലെയാണ്.. നാല് വലിയ പ്രദേശങ്ങളിലേയ്ക്കുള്ള വഴികള്‍ തിരിഞ്ഞു പോകുന്നു. അവള്‍ എങ്ങോട്ടാണെന്ന് ആര്‍ക്കറിയാം. അവളുടെ മടിയിലുരുന്ന വലിയ പെട്ടി മുന്‍പിലെ വലിയമ്മച്ചിക്ക് കൊടുത്ത് യാത്ര പറഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ അപരിചിതരായിരുന്നു എന്നും ആ പെട്ടി അമ്മച്ചിയെ സഹായിക്കാനായി അവള്‍ വാങ്ങിപ്പിടിച്ചതായിരുന്നു എന്നുമുള്ള സത്യം ഞാന്‍ മനസ്സിലാക്കിയത്. പരിസരം മറന്നു ഞാന്‍ വാ പൊളിച്ചു നിന്നു. അവള്‍ അത് കണ്ട് ഒരു ചിരി പാസ്സാക്കി. അവള്‍ ഇറങ്ങി. ‘എന്നെ ഇത്രയും സമയം സന്തോഷിപ്പിച്ച മിടുക്കിക്കുട്ടീ thanks’ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാനും.
           പണ്ട് പതിവായുണ്ടായിരുന്ന ചുവന്ന യുണിഫോമിന് പകരം ഇപ്പോള്‍ നീലയും വെള്ളയുമിട്ട് കുട്ടപ്പനായിപ്പോയ ഒരു ആനവണ്ടിയില്‍ കയറി ടിക്കെറ്റ് എടുത്ത് വെറുതെ മുന്‍പിലേയ്ക്ക് നോക്കിയപ്പോള്‍ സന്തോഷം കൊണ്ട് എന്‍റെ കണ്ണ് തള്ളിപ്പോയി. അവള്‍! അവള്‍ എങ്ങോട്ടാണ് ടിക്കറ്റ്‌ എടുക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ ഞാന്‍ ഒരു വിഫല ശ്രമം നടത്തി. ഇത്തവണ അവള്‍ നില്‍ക്കുകയാണ്. ഞാനും. അവളുടെ അടുത്ത് എത്തിപ്പെടുക ശ്രമകരമായൊരു ജോലി ആയതിനാല്‍ ആ ഉദ്യമം മുളയിലെ ഞാന്‍ ഉപേക്ഷിച്ചു. എന്നിട്ട് നയനാനന്ദകരമായ വായ്നോട്ടം തുടര്‍ന്നു.ഏറ്റവും മുന്നിലെ സീറ്റില്‍ ഒരു ചീള് ചെക്കന്‍ അമ്മയുടെ മടിയില്‍ എഴുന്നേറ്റ് നിന്നു കലാപരിപാടികള്‍ കാണിക്കുകയാണ്. ഒരു രണ്ടുമൂന്ന് വയസ്‌ കാണും. തിരിഞ്ഞു നിന്നാണ് അഭ്യാസ പ്രകടനം. ഒരു സുന്ദരക്കുട്ടപ്പന്‍. ഞാന്‍ അവളെ നോക്കി. അവള്‍ ആ ചെക്കനെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കുകയാണ്. അവളുടെ കണ്ണിനു എന്തോ വശ്യത ഉണ്ട്. പയ്യന്‍ തിരിഞ്ഞു നോക്കി. അവള്‍ ഇമ ചിമ്മിത്തുറന്നു. പയ്യന് അത് രസമായി തോന്നി. അവനും ഇമ ചിമ്മി. അവര്‍ രണ്ടും കൂടി പിന്നെ കലാ പരിപാടി തുടര്‍ന്നു. അതിനിടയില്‍ ഇമ വെട്ടിച്ച് ഒരു മിന്നായം പോലെ എന്നെ നോക്കാനും അവള്‍ മറന്നില്ല. എന്ത് പെട്ടെന്നാണ് ഇവള്‍ ആ കൊച്ചിനെ കറക്കിയെടുത്തത്. ഞാന്‍ അത്ഭുതപ്പെട്ടു. ആ വല്യമ്മച്ചിയും ചിലപ്പോ അങ്ങനെ പാട്ടിലാക്കിയതാവും. ആറും അറുപതും ഒരുപോലെ എന്നല്ലേ.. ഇടയ്ക്കെപ്പോളോ “അമ്മേ ദാ ആ ചേച്ചി എന്നെ കണ്ണടച്ച് കാണിക്കുന്നു” എന്ന് ചെക്കന്‍ ഉറക്കെ പറഞ്ഞത് എല്ലാവരിലും ചിരി പടര്‍ത്തി. അവളും ചിരിച്ചു. ആ കൊച്ചു കുഞ്ഞിന്‍റെ പോലെ തന്നെ നിഷ്കളങ്കമായ ചിരി.
                സമയം  പോയതറിഞ്ഞില്ല. അവള്‍ മുടിയൊന്നൊതുക്കി വച്ചു. തോളില്‍ കിടന്ന ബാഗ്‌ നേരെയാക്കി.
“അയ്യോ.. പോകാന്‍ തുടങ്ങുവാണോ...?” ആത്മഗതം ഉച്ചത്തിലാവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. 
ചെക്കന്‍ അമ്മയുമായുള്ള ഗുസ്തിയില്‍ ആണെന്ന് തോന്നുന്നു. അവളെ ശ്രദ്ധിക്കുന്നതേയില്ല. അവള്‍ അവനെത്തന്നെയാണ് നോക്കുന്നത്. കൊച്ചിനോടോന്നു യാത്ര പറയണമെന്ന് തോന്നിക്കാണും. പാവം!
           തെറ്റ് പറയരുതല്ലോ. അപ്പോഴും പയ്യന്‍ നോക്കുന്നതേ ഇല്ല. അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് എനിക്ക് കാണാമായിരുന്നു. പെട്ടെന്ന് ചെക്കന്‍ തിരിഞ്ഞു നോക്കി ചിരിച്ചു. അവള്‍ കൈ വീശിക്കാണിച്ചു.

 “പോവ്വാ..” 

അത് എന്നോടും കൂടി ആണെന്ന് എനിക്ക് തോന്നിപ്പോയി, വാസ്തവത്തില്‍ അങ്ങനെ ആയിരുന്നില്ലെങ്കിലും! ആ സുന്ദരക്കുട്ടനും നിറഞ്ഞ ചിരിയോടെ കൈ വീണ്ടും വീണ്ടും ഉയര്‍ത്തി വീശിക്കൊണ്ടിരുന്നു. അവള്‍ മുന്‍വാതില്‍ എത്തും വരെ. അറിയാതെ ഉയര്‍ന്നു പോയ എന്‍റെ കൈ ആരും കാണാതിരിക്കാന്‍ ഞാന്‍ മുകളിലുള്ള കമ്പിയില്‍ പിടിച്ചു. ഇറങ്ങും മുന്‍പ് അവള്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി. ഓര്‍ക്കാപ്പുറത്ത് ചെക്കനൊരു ചക്കരയുമ്മ കാറ്റില്‍ പറത്തി വിട്ടു. അവളുടെ മനസ്സ് നിറഞ്ഞു. മുത്തുമണി പൊഴിയും പോലെ വിടര്‍ന്ന ചിരിയോടെ അവളും തിരിച്ചൊരെണ്ണം കാറ്റില്‍ പറത്തി. ചെക്കനെ തഴുകി മുന്നോട്ടു വന്ന കാറ്റ് ആരും കാണാതെ ഞാന്‍ പിടിച്ചു വെച്ചു. പിന്‍വാതിലിലൂടെ അതേ സ്റ്റോപ്പില്‍ ഇറങ്ങിയാലോ...??? അവളുടെ വശ്യമായ ചിരി വിളിക്കുന്നത്‌ പോലെ തോന്നി. ഇറങ്ങിയിട്ട്...????       ആലോചിച്ചു നിന്നപ്പോളെയ്ക്കും മണി രണ്ടടിച്ച് വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. മനസ്സ് നിറയ്ക്കുന്ന ചിരിയോടെ അവളും. മുന്നോട്ടായുന്ന വണ്ടിയില്‍ നിന്നും തല പിന്നിലെയ്ക്കിട്ട് അവളുടെ യാത്ര ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അവള്‍ കണ്ണില്‍ ഒരു പൊട്ടായി മായും വരെ!!!!!!!! 


48 comments

 1. ചിലരങ്ങനെയാണ്!!

  പെട്ടന്നു നമ്മുടെ മനസ്സ് കീഴടക്കും... അവരുടെ വാക്കുകളിലൂടെ , പെരുമാറ്റങ്ങളിലൂടെ...

  എന്തിനധികം ഒരു ചെറു പുഞ്ചിരി മതി ...
  അവര്‍ക്ക് നമ്മെ ജയിക്കാന്‍!!! :)

  ReplyDelete
 2. ഉം....ഇഷ്ടപ്പെട്ടു അവളെ...

  ReplyDelete
 3. കൊള്ളാട്ടോ......; പെട്ടെന്ന് നമ്മുടെ മനസ്സിൽ സ്പർഷിക്കുന്നവർ ഉണ്ട് ല്ലേ....

  ReplyDelete
  Replies
  1. അതെ. ചിലര്‍ അങ്ങനെയാണ്..

   Delete
 4. ചിലതു പെട്ടെന്ന് കയറികൂടും...ഇറങ്ങി പോകത്തും ഇല്ല്യാ.

  ReplyDelete
 5. vannathu veruthe aayilla ..nalla maduramulla kalkkandam thanne

  ReplyDelete
  Replies
  1. വളരെ നന്ദി ദീപ എന്ന ആതിര :)

   Delete
 6. നല്ല ഒരനുഭവം... :-)

  ReplyDelete
 7. ഒരു വാതിലിൽ കൂടി കയറുന്നു
  മറു വാതിലിൽ കൂടി ഇറങ്ങാൻ കൂട്ടാക്കാതെ നിൽക്കുന്നു

  ReplyDelete
 8. ഓര്‍മ്മകളില്‍ സൂക്ഷിക്കാനായി ചില മുഖങ്ങളും,സന്ദര്‍ഭങ്ങളും////
  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ സന്തോഷം തങ്കപ്പൻ സർ :) വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും..

   Delete
 9. ഫംഗിയായിട്ടുണ്ട്

  ReplyDelete
  Replies
  1. :D നല്ല ഫങ്ങി എന്ന്.. അല്ലെ.. :D

   Delete
 10. കഥ വളരെ ഇഷ്ടമായി.....ആശംസകള്‍ കുഞ്ഞുറുമ്പേ !

  ReplyDelete
 11. നല്ല എഴുത്ത്‌.ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. ഞാൻ എഴുതിയതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയിലൊന്ന്.. :) അത് വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഏറെ സന്തോഷം :)

   Delete
 12. Replies
  1. സന്തോഷം മുരളിയേട്ടാ...:)

   Delete
 13. വീണ്ടും വായിച്ചു.

  നല്ലൊരെഴുത്തുകാരിയാണു.സമയം വെറുതേ കളയാതെ എഴുതൂ ഇനിയും!!!!!

  ReplyDelete
 14. വെറുമൊരു ആകർഷണത്തിന് ഇത്രയും എഴുതാമെങ്കിൽ, പ്രേമത്തിന് എത്രയോ എഴുതേണ്ടി വരും..!!

  ആശംസകൾ ....

  ReplyDelete
 15. കണ്ടിട്ടും മിണ്ടീട്ടും ഏതാണ്ട്, അഞ്ചു വർഷമായി അല്ലോ! എന്തൊക്കെ വിശേഷങ്ങൾ... ആശംസകൾ

  ReplyDelete
 16. അവതരണം നന്നായിരിക്കുന്നു.. 👌

  ReplyDelete
 17. സ്റ്റോപ്പിൽ ഇറങ്ങിയ കുഞ്ഞുറുമ്പേ, അവനും കൊടുക്കാമായിരുന്നു ഒരു ഫ്രീ കടക്കണ്ണേറ് ...

  ReplyDelete
 18. അനുവിന്റേതായി വായിച്ചതിൽ വളരെ ഇഷ്ടപ്പെട്ട കഥ . വളരെ നിർമ്മലം .. ആ ബസ്സിൽ നമ്മളും ഒരു യാത്രക്കാർ ആയിരുന്നു എന്ന് തോന്നും .... 😍😍😍

  ReplyDelete
 19. വെറുമൊരു ആകർഷണത്തിന് ഇത്രയും എഴുതാമെങ്കിൽ പ്രേമത്തിന് എത്രയോ എഴുതേണ്ടി വരും.... !!?

  ReplyDelete
 20. അനു.ഞാൻ ഒരു ട്രാജഡി ക്ളൈമാക്‌സിനെ പ്രതീക്ഷിച്ചു.പക്ഷെ പുഞ്ചിരിയോടെ അവസാനിപ്പിച്ചു.പ്രകാശം പരത്തുന്ന പെണ്കുട്ടിയെ അനുവന് മാത്രല്ല ട്ടാ..എനിക്കും ഭയങ്കര ഇഷ്ടായി.
  അവൾ എന്നെയും കടാക്ഷിച്ചാണ് ഇറങ്ങിപ്പോയത്.
  സലാം അനു.

  ReplyDelete
 21. സന്തോഷകടൽ ആയിരിക്കുന്ന പല പെണ്കുട്ടികളും പിന്നീടെപ്പോഴേ ഒതുക്കത്തിന്റെ മ്ലാനതയുടെ ചുവട് പിടിക്കുന്നത് . അങ്ങനെ ഒരു പാട് പേരെ കണ്ടിട്ടുണ്ട്.. എന്തായിരിക്കും അതിന് കാരണം

  ReplyDelete
 22. ചില മുഖങ്ങൾ അങ്ങനെയാണ് മായാതെ നിൽക്കും... നല്ലെഴുത്ത്

  ReplyDelete
 23. ഈ ബസ്സിൽ ഞാൻ മുമ്പ് കയറിയിട്ടില്ലായിരുന്നു അല്ലേ... മിസ്സായിപ്പോയതാവാം... എന്തായാലും യാത്ര ആസ്വദിച്ചു... സമയം പോയതറിഞ്ഞില്ല...

  ReplyDelete
 24. അനു, അവന്റെ വിചാരങ്ങളെഴുതി എന്നത് നല്ല കാര്യം..

  അങ്ങനെയങ്ങ് വെറുതേ വിടേണ്ടായിരുന്നു രണ്ടു പേരേയും

  ReplyDelete
 25. ഈ കുട്ടിയെ ടി. പദ്മനാഭൻ പണ്ടൊരു കടപ്പുറത്ത് വെച്ച് കണ്ടിട്ടുണ്ട്.

  ReplyDelete
 26. എനിക്കും ഇഷ്ടമാണ്.. ഇങ്ങനെ കുട്ടികളോടി കളിക്കാനും.. കണ്ണ് ചിമ്മി കാണിക്കാനും.. പക്ഷെ അപരിചിതരോട് വാ തോരാതെ സംസാരിക്കുകയെന്ന അസാധ്യമായ കാര്യമാണ് പലപ്പോഴും എനക്ക് തടസ്സമാകുന്നത്.. എന്തു പറഞ്ഞു തുടങ്ങും.. എങ്ങനെ കൊണ്ടു പോകും.. എല്ലാം പ്രശ്നം തന്നെ.. പക്ഷെ ഇതുപോലുള്ള ഒന്നുരണ്ടു പേരെ എനക്കാറിയാം.. മനോഹരമാണ് അവരുടെ സംസാരം...
  എന്തായാലും.. നന്നായിട്ടുണ്ട്..

  ReplyDelete
 27. കഥ ഇഷ്ട്ടായി.
  ഞാനായിരുന്നേൽ രണ്ട് െബെൽ മുഴങ്ങുന്നതിന് മുമ്പ് ഇറങ്ങിയേനെ.

  ReplyDelete
 28. കൊള്ളാം. ഇഷ്ടായി. ഒരു അനുഭവം പറയുന്ന പോലെ തോന്നി. നല്ല ആക്ടീവ് ആയ കൊച്ചായിരുന്നു അല്ലേ? കൂടെ ഇറങ്ങി ഒന്ന് പരിജയപ്പെടാമായിരുന്നു.

  ഇഷ്ടം.... ആശംസകൾ

  ReplyDelete
 29. പെങ്കൊച്ച് ഇടക്കിടക്ക് തിരിഞ്ഞുനോക്കുന്നത് പിൻസീറ്റിൽ ഇരുന്ന ഏതോ കാമുകനെ ആണെന്ന ട്വിസ്റ്റ് വരുമോ എന്നു സംശയിച്ചു :-)

  ReplyDelete
 30. പണ്ട് സ്കൂൾ/കോളേജ് കാലത്തെ പതിവ് ബസ്സ്‌ യാത്രകളിൽ , പതിവായി കാണാറുണ്ടായിരുന്നു , കണ്ണുടക്കാറുണ്ടായിരുന്ന , പേരയറിയാത്ത ചിലരുടെ മുഖം വീണ്ടും മനസ്സിൽ ഓടിയെത്തി !!! മനോഹരമായ ഈ എഴുത്തിനു എന്റെ ആശംസകൾ …

  ReplyDelete
 31. ഇങ്ങോട്ടെത്താൻ വൈകി.
  അതിലളിതമായി ചുരുങ്ങിയ സമയത്തേക്ക് നമ്മുടെ കണ്ണോരത്ത് വന്നു പോകുന്നവരുടെ ഒരു ഏട് വരച്ചിട്ടിരിക്കുന്നു. സുന്ദരമാണിത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നതു പോലെ ഫംഗിയുള്ള ഒരു റോസാപ്പൂവിതൾ പോലെ സുന്ദരം.

  ReplyDelete
 32. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇങ്ങനെ ചില മുഖങ്ങൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്..ഈ കഥ വായിച്ചപ്പോൾ അങ്ങനെ ചിലത് ഓർമ്മ വന്നു.. നല്ലെഴുത്ത്.. ഇഷ്ടം.. ആശംസകൾ

  ReplyDelete
 33. നല്ല അനുഭവം.. വിവരണം.. വായിച്ചു കൊണ്ടിരിക്കെ ഞാൻ വേറെ എന്തോ നല്ല ട്വിസ്റ്റ്‌ കൂടെ വരാനുണ്ട് എന്ന ഉദ്വേഗത്തോടെ ഇരിക്കുകയായിരുന്നു.. പിന്നെ ജീവിതം അത്രയ്ക്ക് സിനിമാറ്റിക്ക് ആവില്ല എന്ന ഖേദത്തോടെ വായിച്ചു നിർത്തി.

  ReplyDelete
 34. ഛെ ... കഷ്ടയല്ലോ .. ആ കുട്ടിയെ ഒന്ന് പരിചയപ്പെടേണ്ടതാരുന്നു . ചില മുഖങ്ങൾ അങ്ങനെയാണ് . മനസ്സിൽ മായാതെ നിൽക്കും . നന്നായി എഴുതി അനു . ആശംസകൾ ട്ടോ .

  ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)