ഓർമയുടെ ചോരത്തുള്ളികൾ
17:08ജനാലയിലൂടെ പിന്നിലേയ്ക്കോടുന്ന കാഴ്ച്ചകളിൽ കണ്ണ് നട്ടിരിക്കെ ഊറി മുഖത്തേയ്ക്ക് വീണ മഴത്തുള്ളി എന്റെ ശ്രദ്ധ തിരിച്ചു. വാച്ചിൽ നോക്കി. ഒൻപതരയ്ക്കെത്തേണ്ട തീവണ്ടി ഇനിയും എത്തിയിട്ടില്ല. വയറു ചൂളം വിളിച്ചു തുടങ്ങി. തീവണ്ടിയിലെ വടയും ചായയും കാണുമ്പോൾ മനംപുരട്ടും. ശൗചാലയം പേറുന്ന വാഹനമെന്ന ഓർമയും മൂത്രത്തിന്റെ ദുർഗന്ധം വഹിക്കുന്ന കാറ്റും ഒരുമിച്ചു തികട്ടി വരും. ഉറങ്ങിയെഴുന്നേറ്റപ്പോഴേയ്ക്ക് കൂപ്പ ശൂന്യമായിരുന്നു. ഇടയ്ക്കിടെ കയറിയിറങ്ങുന്ന ജീവിതങ്ങൾ മാത്രം. പല ദിക്കിലും തുറയിലും പെട്ട യാത്രക്കാർ, അന്ന ദാതാക്കൾ, ദൈന്യതയുറ്റിയ മുഖവുമായി കൈനീട്ടുന്നവർ, പാട്ടുപാടുന്നവർ..
വയറു കരഞ്ഞപ്പോളാണ് സഞ്ചിക്കുള്ളിൽ കിടന്ന മാതളനാരങ്ങയെടുത്ത് പൊളിച്ചുതുടങ്ങിയത്. ഘനീഭവിച്ച ചോരത്തുള്ളികൾ. മെലിഞ്ഞുണങ്ങിയ കുപ്പിവളയിട്ട കൈകൾ നീണ്ടുവന്നപ്പോൾ ഒരു പത്തുരൂപ കൊടുത്ത് ഒഴിവാക്കിയതാണ്.
തിരിഞ്ഞു വന്ന സ്ത്രീശബ്ദം.
"മാതളമാണോ?"
"അതെ"
"വേറെയുണ്ടോ?" ആശ സ്ഫുരിക്കുന്ന തിളങ്ങുന്ന കണ്ണുകൾ.
"ഇല്ല. ഇതേയുള്ളൂ.."
പറഞ്ഞത് സത്യമാണ്. പക്ഷേ പറയേണ്ടിയിരുന്നത് "ഇല്ല.. ഇതെടുത്തോളൂ.." എന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞ് വന്നപ്പോഴേയ്ക്കും അവർ എവിടെയോ നടന്നു നീങ്ങിയിരുന്നു.
ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കൈനീട്ടുന്നവർ പൊള്ളും വിലയുള്ള മാതളത്തിന്റെ സ്വാദറിഞ്ഞിട്ടുണ്ടാവുമോ? മധുരമുള്ളൊരു ഭൂതകാലത്തിന്റെ സ്വാദിൽ അറിയാതെ ചോദിച്ചു പോയതാവണം പാവം. ചോദിച്ചു പോയതിന്റെ ദൈന്യതയിൽ നനവാർന്ന മിഴികൾ! ആ ഓർമയിൽ കയ്യിലിരുന്ന ചോരത്തുള്ളികൾ വിങ്ങി.