വീണ്ടും ചില ഫ്ലെക്സ് കാര്യങ്ങൾ

16:53


Disclaimer

താഴെ പറയുന്നവയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ സാദൃശ്യം ഉണ്ടെങ്കിൽ അത് സ്വാഭാവികം മാത്രമാണ് 

*********************************************************
                         
    ഫ്ലെക്സ് ബോർഡുകൾ കേരളത്തിൽ നിരോധിക്കുകയാണ് എന്നൊരു വാർത്ത കേട്ടു.. കേട്ടപ്പോൾ തന്നെ ആദ്യം ഓർമ വന്നത് തന്റെ മനോഹരമായ 32 പല്ലുകളും പുറത്തു കാണിച്ചു കൊണ്ട് ഫ്ലെക്സുകളിൽ നിറസാന്നിധ്യമായ ഒരു ജനപ്രതിനിധിയുടെതാണ്. പുള്ളിക്കാരിയുടെ ഫ്ലെക്സ് പ്രേമം മൂലം നാട്ടിലുള്ള കോണ്ട്രാക്ടർമാരും മറ്റു ചെറു പ്രതിനിധികളും ഒക്കെ നല്കിയ വിളിപ്പേര് തന്നെ "ഫ്ലെക്സ് കുഞ്ഞമ്മ " എന്നാണ്. ഇപ്പറയുന്ന കോണ്ട്രാക്ടർമാരും ബഹുത് ഹാപ്പി.. കമ്മീഷൻ കൊടുക്കണ്ട... ചുമ്മാ ഫ്ലെക്സ് വെച്ചാ മതിയല്ലോ.. ഈ കുഞ്ഞമ്മ ഒറ്റപ്പെട്ട സംഭവമല്ല.. റോഡിനിരുവശത്തുമായി വലിച്ച് കെട്ടപ്പെടുകയും കുത്തി നാട്ടപ്പെടുകയും ചെയ്യുന്ന അനേകം ഫ്ലെക്സ് ബോർഡുകളിൽ ഇരുന്നു പുഞ്ചിരി തൂകുന്ന അനേകം ആളുകളുടെ പ്രതിനിധി മാത്രമാണ്.  അല്ലെങ്കിലും എല്ലാവരും അങ്ങനെ ആണ്.. എന്ത് ഉപകാരം വേണമെങ്കിലും ചെയ്തു തരാം.. ഒരു ഫ്ലെക്സ് വെച്ചാ മതി.. "ആർക്കെന്തു ചെയ്തു കൊടുത്താലും നാലാൾ അറിയണം.. അല്ലെങ്കിൽ പിന്നെ എന്താ ഒരു ഇത്..? " 


"നിന്റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ " എന്ന് കർത്താവ്‌ പറഞ്ഞത് ഇതൊന്നും ഇല്ലാത്ത കാലത്താണല്ലോ അല്ലെ... അടുത്ത തിരഞ്ഞെടുപ്പിൽ ഒന്ന് ജയിക്കാൻ പെടുന്ന പെടാപ്പാട് കർത്താവിനറിയില്ലല്ലൊ.. ;)  രാഷ്ട്രീയക്കാരെ മാത്രം പറയരുതല്ലോ.. സ്വന്തം മക്കൾ മുട്ടായി പെറുക്കലിനു റണ്ണർ അപ് ആയാലും ഫ്ലെക്സ് വെയ്ക്കുന്ന നാടാണ്  നമ്മുടെത്..


                            ഫ്ലെക്സ് ബോർഡുകൾ വെച്ച് ലോകത്ത് ശീത യുദ്ധങ്ങൾ വരെ നടന്നിട്ടുണ്ട്.. ലോകത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിവില്ലെങ്കിലും എനിക്കറിവുള്ളൊരു ഓണംകേറാമൂലയിൽ നടന്നിട്ടുണ്ട്.. വനിതകൾക്ക് തിരഞ്ഞെടുപ്പിൽ ഫിഫ്ടി ഫിഫ്ടി കൊടുത്തത് കൊണ്ട് നാടിനു ചില ഗുണങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് പറയാതെ വയ്യ.. കട്ട് മുടിക്കാൻ പണ്ടേ ഉള്ള അറിവില്ലായ്മ കൊണ്ടാവണം മഹിളാ രത്നങ്ങൾ നല്ല രീതിയിൽ തന്നെ നാട് നോക്കുന്നതാണ് കാണാൻ കഴിയുക.. പെണ്ണുങ്ങൾക്ക് പരദൂഷണവും പബ്ലിസിറ്റിയും പണ്ടേ വീക്നെസ് ആയിപ്പോയി.. എങ്കിലും കാശ് കൊടുത്ത് ഫ്ലെക്സ് അടിപ്പിക്കാതെ വേറെ വല്ല വഴിയും ഉണ്ടോ എന്ന് നോക്കും.. ആരെങ്കിലും ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണാർത്ഥം ഒരു ഫ്ലെക്സ് ബോർഡ്‌ നാലാള് കാണുന്നിടത്ത് വെച്ചാൽ സന്തോഷം.. പിന്നെ പോകുന്നവരോടും വരുന്നവരോടും മക്കളോടും ബന്ധുക്കളോടും പറയാനും മറക്കില്ല.. "ദേണ്ടെ ആ വളവു തിരിയുന്നിടത്ത് റബ്ബറിന്റെ മേളിൽ ഒരു ഫ്ലെക്സ് ഇരിപ്പുണ്ട്.. ആരടെ ആണെന്ന് ഒന്ന് നോക്കണേ.." എന്ന്..
                                                            
                                                     ഇങ്ങനെ പ്രിയപ്പെട്ട വനിതാ മെമ്പർക്ക് (തൽക്കാലം ശ്രീമതി എന്ന് വിളിക്കാം.) ജനങ്ങൾക്കിടയിലുള്ള മതിപ്പ് കൂടുന്നതിനനുസരിച്ച് നാട്ടിൻപുറത്ത് റിബലുകളുടെ എണ്ണവും കൂടി വന്നു... കഴിഞ്ഞ കാലത്തിന്റെ കഥ പറയാനെന്നോണം ബാക്കി നിന്നിരുന്ന ഒരു പഴയ സർക്കാർ പള്ളിക്കൂടത്തെ ചുറ്റിപ്പറ്റിയാണ് ശീതയുദ്ധം അരങ്ങേറിയത്.. അത് വീണ്ടും വിദ്യാഭ്യാസ യോഗ്യമാക്കി തീർക്കാൻ അക്ഷീണം പ്രയത്നിക്കുകയും തുക അനുവദിക്കുകയും ചെയ്ത  ജനപ്രതിനിധികൾക്ക് (ശ്രീമതിയും ഉൾപ്പെടും ) അധ്യാപക രക്ഷകർതൃ സംഘടന നന്ദി സൂചകമായി  പല വളവുകളിലായി മൂന്നാലു ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു.." ജനപ്രിയ നേതാവി"നൊപ്പം ശ്രീമതിയും കാറ്റിൽ ഇളകിയാടി ചിരിച്ചു. നാട്ടിൽ സ്വയം നേതാവായി അവരോധിക്കുകയും രണ്ടു മൂന്നു തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും പാർട്ടികളുടെ പിൻബലത്തോടെയും അല്ലാതെയും മത്സരിക്കുകയും (എട്ടു നിലയിൽ പൊട്ടുകയും - വാസ്തവത്തിൽ ഇത്തരക്കാര് മത്സരിക്കുന്നത് ജയിക്കേണ്ട ആളെ തോല്പ്പിക്കാൻ മാത്രമാണ് , സ്വയം ജയിക്കാനല്ല. - പട്ടി ഒട്ടു പുല്ലു തിന്നുകെമില്ല...പശൂനെക്കൊണ്ട് തീറ്റിക്കുകേമില്ല എന്ന മതം ) ചെയ്ത "നേതാവിന്" ശ്രീമതിയുടെ വളർച്ച ഒരേ തരത്തിൽ അസൂയയും ഭീഷണിയും ഉണ്ടാക്കി എന്ന് വേണം കരുതാൻ. പിറ്റേന്ന് ഈ പറഞ്ഞ ഫ്ലെക്സ് ബോർഡുകളുടെ എല്ലാം എതിർവശത്തായി നേതാവിന്റെ ചിത്രം (അതും മുൻപ് പറഞ്ഞ  ജനപ്രിയ നേതാവിന്റെ ഒപ്പം തന്നെ ) ഉയർന്നു. വിഷയം ഒന്ന് തന്നെ.. വിവരണത്തിൽ ഒരു ചെറിയ വ്യത്യാസം മാത്രം "പള്ളിക്കൂടം ഇവിടെ തന്നെ നിലനിർത്താൻ നിയമാനുമതി തേടിയ നേതാവിനും തുക അനുവദിച്ച ജനപ്രിയ നേതാവിനും അഭിവാദനങ്ങൾ- എന്ന് , പ്രദേശ വാസികൾ ".. ഞങ്ങൾ എന്നാണു ഇങ്ങനെ ഒന്നുണ്ടാക്കിയതെന്നു പ്രദേശ വാസികൾ കണ്ണ് മിഴിച്ചു..തലേന്ന് രാത്രി നേതാവിന്റെ  മക്കൾ മരത്തിൽ വലിഞ്ഞു കയറുന്നത് കണ്ട ജബ്ബാറിക്ക അടക്കിച്ചിരിച്ചു.  

ഫ്ലെക്സുകൾ കണ്ട നാട്ടുകാർക്ക്  ഒന്നിലധികം ന്യൂസ്‌ ചാനലിൽ ഒരേ വാർത്ത കണ്ട പ്രതീതി ആയി.. നേതാവ് നാൽക്കവലയിൽ നിന്ന് പ്രസ്താവന ഇറക്കി "അടുത്ത തിരഞ്ഞെടുപ്പിന് അവളെ ഞാൻ തോൽപ്പിക്കും " തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി ചിലത് കൂടി കൂട്ടിച്ചേർത്തു "ഒരു 300 വോട്ടെങ്കിലും അവൾക്ക് കിട്ടേണ്ടത് ഞാൻ പിടിക്കും.. " (സംഗതി മറ്റേതു തന്നെ... പുല്ലു തിന്നായ്‌ക/ തീറ്റിക്കായ്‌ക ) കൂടുതൽ ഫ്ലെക്സ് യുദ്ധങ്ങളുമായി മുന്നോട്ടു പോകാൻ ഇരിക്കെയാണ് നിരോധനം.. പുതിയ യുദ്ധ മാർഗങ്ങൾക്കായി പഴശ്ശിയുടെ പട ആലോചന തുടങ്ങി.. അതിനിടയിൽ അഞ്ചു വർഷമെന്ന ബാധ ഒഴിയുമ്പോഴേയ്ക്കും വിദേശത്തുള്ള പേരക്കുട്ടിയെ നോക്കാനെന്ന വ്യാജേന കറങ്ങാനിറങ്ങാമെന്നു "ബാംഗ്ലൂർ ഡയ്സി"ലെ കല്പ്പനയെപ്പോലെ ശ്രീമതി കിനാവ്‌ കണ്ടു.. ഫ്ലെക്സ് കുഞ്ഞമ്മ "ബാനർ കുഞ്ഞമ്മ" ആയി. 
പല പോരാട്ടങ്ങളും കണ്ട ഫ്ലെക്സുകൾ കോഴിക്കുഞ്ഞുങ്ങൾക്കും ആട്ടിങ്കുട്ടികൾക്കും മറ്റു കന്നുകാലികൾക്കുമൊക്കെ  മഴ നനയാതിരിക്കാനുള്ള മേൽക്കൂരയായി നിർവൃതികൊണ്ടു!!



12 comments

  1. ഫ്ലെക്സ് കൊണ്ട് കോഴിക്കുഞ്ഞുങ്ങള്‍ക്കും ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കെമെങ്കിലും ഉപകാരമുണ്ട്

    ReplyDelete
  2. റോഡിനരികിലുള്ള ഫ്ലെക്സുകള്‍ മാറ്റിയാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമായേനെ... നിരോധിച്ചു എന്ന് കേട്ടപ്പോള്‍ ഓര്‍ത്തത് അതായിരുന്നു...

    ReplyDelete
    Replies
    1. അതും ശരിയാണ് .. പക്ഷേ അതിനേക്കാൾ വലിയ ശരി പരിസ്ഥിതിക്ക് അത്രേം ബുദ്ധിമുട്ട് കുറയും എന്നത് തന്നെ.. ഇങ്ങനെ ദ്രവിക്കാത്ത സാധനങ്ങൾ വെച്ച് ഓരോന്ന് ചെയ്തു കൂട്ടുന്നത് എത്രയാന്ന് വെച്ചാ..

      Delete
  3. ഫ്ലക്സ് നിരോധനം എവിടെ നടക്കാന്‍ ഈ രാഷ്ട്രീയക്കാരുടെ മോന്തായം ഉള്ളിടത്തോളം :p

    ReplyDelete
  4. jeevichu pokkette makkale... kanjiyil paatta idalle...

    ReplyDelete
    Replies
    1. എന്തേ? രാഷ്ട്രീയമാണോ ഉപജീവനമാർഗം ? ;)

      Delete
  5. ഫ്ലക്സ് ഉപയോഗത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുകയെങ്കിലും വേണം. താൽകാലികമായ ഉപയോഗത്തിന്‌ ഫ്ലക്സ് ഉപയോഗിക്കാതിരിക്കുക. സ്ഥിരമായ/ദീർഘകലത്തേക്കുള്ള ഉപയോഗത്തിനുമാത്രമായി പരിമിതപ്പെടുത്തുക.

    ഉദാഹരണമായി, പതിവുപോലെയുള്ള വാർഷികാഘോഷങ്ങൾക്ക് ഫ്ലക്സ് വേണ്ട. എന്നാൽ, ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷമാണെങ്കിൽ ഫ്ലക്സ് വേണമെങ്കിൽ ആകാം.
    സ്ഥാപനങ്ങളുടെ ബോർഡുകൾ ഫ്ലക്സിൽ ആകാം. അത് വർഷങ്ങളോളം അവിടെയുണ്ടാകും. എന്നാൽ വെറും ഒരു ദിവസത്തെ പരിപാടിയെക്കുറിച്ചുള്ള അറിയിപ്പിനുപോലും ഫ്ലക്സ് ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്‌.

    ReplyDelete
    Replies
    1. അറിയിപ്പിന് ഫ്ലെക്സ് ഉപയോഗിക്കുന്നതൊക്കെ വളരെ കുറവാ ചേട്ടാ.. കൂടുതലും നേട്ടങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടിയാ..

      Delete
  6. കേരളത്തിൽ കുഞ്ഞുങ്ങൾക്കായുള്ള ഒരേ ഒരു ജ്യൂവലറി എന്ന വിശേഷണവുമായി "കിഡ്സ്‌ വേൾഡ്‌ ഏറ്റുമാനൂർ "ന്റെ പരസ്യ ഫ്ലെക്സ്ബോർഡ്‌ എന്റെ മൂന്തോട്‌ കവലയിലെ പോസ്റ്റിലും കൊണ്ടു വെച്ചു. അതൊക്കെ വെച്ച്‌ അവർ പോയിക്കഴിഞ്ഞ്‌ പ്രദേശവാസിയായ കുട്ടൻ ഒരു തോട്ടിയുമായി വന്ന് അതു ചെത്തിച്ചാടിച്ചു.മടിയിലിരുന്ന ടേപ്പ്‌ കൊണ്ട്‌ അളന്നു നോക്കി.തലകുലുക്കി.
    ആലിഞ്ചുവട്ടിലിരുന്ന ഞങ്ങളും കൂടെ പൊയി.
    വീട്ടിലെത്തിയ കുട്ടൻ "ഡീ,ജനലിനു അടപ്പില്ലെന്നല്ലേ നിന്റെ ബഹളം,ദാണ്ടേ അടപ്പ്‌."
    കുറച്ച്‌ ആണിയുടെ മുടക്കേ ഉണ്ടാരുന്നുള്ളൂ.
    ദേ!തൂങ്ങിക്കിടക്കുന്നു,സ്വർണ്ണത്തിൽ കുളിച്ചൊരു കുഞ്ഞ്.

    ReplyDelete
    Replies
    1. ഹ ഹ.. ഫ്ലെക്സ് കൊണ്ടുള്ള പലവിധ ഉപകാരങ്ങൾ :)

      Delete
  7. ഫ്ലക്സിൽ ജീവിക്കുന്ന ജനപ്രതിനിധികൾ....

    ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)